സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ചു കയറിയ കെ. സുരേന്ദ്രനെതിരെ പോലീസ്കേസെടുത്തു

പ്രതിഷേധവുമായി എത്തിയ ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു

0

തിരുവനന്തപുരം :തി പിടുത്തതിന് പിന്നാലെ സെക്രട്ടേറിയറ്റിനുള്ളില്‍ കയറിപ്രോക്ഷോപം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുത്തു. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. എട്ട് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അഞ്ചുപേരില്‍ കൂടുതല്‍ സംഘം ചേര്‍ന്നു, പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തി, ഗതാഗത തടസമുണ്ടാക്കി, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഇന്നലെ സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായതറിഞ്ഞ് കെ. സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ സ്ഥലത്ത് എത്തിയിരുന്നു. പ്രതിഷേധവുമായി എത്തിയ ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു ചെയ്തത്.

അതേസമയം പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് സെക്രട്ടേറിയറ്റിലെത്തിയതെന്ന് കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഗേറ്റുകള്‍ തുറന്നിട്ടിരുന്നു, തന്നെ ആരും തടഞ്ഞില്ലെന്ന് സുരേന്ദ്രന്‍ മനോരമ ന്യൂസിനോട് വിശദീകരിച്ചത്. സുരക്ഷാവീഴ്ചയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നെ വേട്ടയാടി മതിയായിക്കാണില്ല. ശബരിമല കാലത്തെ പോലെ അകത്തിടാനാകും പരിപാടി. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടാണ് ഞാന്‍ അവിടെ എത്തിയത്. പിണറായിക്ക് ഭ്രാന്ത് പിടിച്ചോ..? ഇവിടെ എന്താണ് അടിയന്തരാവസ്ഥയാണോ..? അദ്ദേഹം ചോദിച്ചു

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ ഒന്നും നശിച്ചിട്ടില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ രാജീവന്‍ പറഞ്ഞു.