മേൽവസ്ത്രം മാറ്റാതെ മാറിടത്തിൽ തൊട്ടാൽ പീഡനമല്ലെന്ന വിവാദ ഉത്തരവിട്ട ജഡ്ജിയെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം കൊളീജിയം പിൻവലിച്ചു

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനായി ജനുവരി 20ന് കേന്ദ്ര സര്‍ക്കാരിനയച്ച ശുപാര്‍ശ തിരിച്ചുവിളിച്ചത്

0

ഡല്‍ഹി: പോക്സോ കേസുകളില്‍ വിവാദ വിധികള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ വി.ഗനേഡിവാലയ്‍ക്കെതിരെ കടുത്ത നടപടിയുമായി സുപ്രീംകോടതി. ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താന്‍ കേന്ദസര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ കൊളീജിയം പിന്‍വലിച്ചു. മേൽവസ്ത്രം മാറ്റാതെ മാറിടത്തിൽ തൊടുന്നത് ലൈംഗിക പീഡനമാകില്ലെന്നതടക്കമുള്ള ഇവരുടെ ഉത്തരവുകൾ വിവാദമായിരുന്നു.ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനായി ജനുവരി 20ന് കേന്ദ്ര സര്‍ക്കാരിനയച്ച ശുപാര്‍ശ തിരിച്ചുവിളിച്ചത്. ജസ്റ്റിസുമാരായ എന്‍ വി രമണയും രോഹിങ്ടൺ നരിമാനും കൊളീജിയത്തിലെ അംഗങ്ങളാണ്. ജസ്റ്റിസ് പുഷ്പ വി ഗനേഡിവാല നിലവില്‍ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയാണ്.
പോക്‌സോ കേസുകളില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് വ്യത്യസ്ത കേസുകളില്‍ ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു. 12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്ത്രം നീക്കം ചെയ്യാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത്‌ പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്ന ജനുവരി 19ന് ഇവര്‍ പുറപ്പെടുവിച്ച വിധിയാണ് വലിയ കോളിളക്കം സൃഷ്ടിച്ചത്. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി ഈ വിധി സ്റ്റേ ചെയ്തിരുന്നു.പെൺകുട്ടിയുടെ കൈകളിൽ പിടിച്ചാലും പ്രതി പാന്റ്സിന്റെ സിപ് തുറന്നാലും പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന വിധിയും പിന്നാലെ പുറപ്പടുവിച്ചു. 2019 ഫെബ്രുവരിയിലാണ് ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത്.

കഴിഞ്ഞ ദിവസം വീണ്ടും വിവാദത്തിന് തിരികൊളുത്തി ജഡ്ജി പുതിയ ഉത്തരവിട്ടു. പീഡനത്തെ പ്രതിരോധിക്കുന്ന ഇരയെ കീഴ്പ്പെടുത്തി വസ്ത്രമഴിച്ച് പീഡിപ്പിക്കാൻ ഒരാൾക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്നാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിരീക്ഷണം. കേസിൽ പ്രതിയായ 26 കാരനെ കുറ്റവിമുക്തനാക്കി കൊണ്ടാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ വിചിത്ര നിരീക്ഷണം. ഒരാൾക്ക് തനിയെ ഒരേസമയം ഇരയുടെ വായ പൊത്തിപ്പിടിക്കുകയും വസ്ത്രം അഴിച്ച് ബലാത്സംഗം ചെയ്യുകയും അസാധ്യമാണെന്നും വിധി ന്യായത്തിൽ പുഷ്പ ഗനേഡിവാല പറയുന്നു.

2013 ജൂലെയിൽ അയൽവാസിയായ സൂരജ് കാസർകർ എന്ന യുവാവ് 15 വയസ് മാത്രമുള്ള തന്റെ മകളെ വീട്ടിൽ അതിക്രമിച്ച് ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ അമ്മയാണ് കേസ് ഫയൽ ചെയ്തത്. അയൽവാസിയായ പ്രതി മദ്യലഹരിയിൽ സംഭവദിവസം രാത്രി 9.30 ന് വീട്ടിൽ അതിക്രമിച്ചു കയറി തന്നെ ബലാത്സംഗം ചെയ്തുവെന്നു പെൺകുട്ടി മൊഴി നൽകിയിരുന്നു. അമ്മയടക്കമുള്ളവർ സംഭവ സമയത്ത് വീട്ടിൽ ഇല്ലായിരുന്നുവെന്നും നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വായപൊത്തിപ്പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചുമാറ്റി പീഡിപ്പിച്ചുവെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. വിചാരണക്കോടതി പ്രതിക്ക് വിധിച്ച പത്ത് വര്‍ഷത്തെ ശിക്ഷയും സിംഗിള്‍ ബെഞ്ച് റദ്ദാക്കി.ചർമത്തിൽ തൊടാതെ മാറിടത്തിൽ പിടിച്ചാൽ പീഡനമല്ലെന്നായിരുന്നു പുഷ്പ ഗനേഡിവാല പോക്സോ കേസില്‍ നിരീക്ഷിച്ചത്. 12 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 39 വയസുകാരന് 3 വര്‍ഷം തടവുശിക്ഷ നല്‍കിയ സെഷന്‍സ് കോടതി വിധിയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് നേരത്തെ റദ്ദാക്കിയത്. നേരിട്ടുള്ള സ്പര്‍ശത്തിന് തെളിവില്ലാത്തതിനാല്‍ ശിക്ഷ ഒരു വര്‍ഷം തടവു മാത്രമാക്കി ചുരുക്കി. ഇതു സമൂഹമാധ്യമങ്ങളിലടക്കം വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഈ വിവാദ വിധി പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

ഈ വിവാദ വിധിക്ക് പിന്നാലെ ഏറെ ചർച്ചയായ മറ്റൊരു വിധിയും ജസ്റ്റിസ് പുഷ്പ ഗനേഡിവാല പുറപ്പെടുവിച്ചിരുന്നു. 5 വയസുകാരിക്കെതിരായ അമ്പത് വയസുകാരന്‍റെ ലൈംഗികാതിക്രമക്കേസിലാണ് പ്രതിക്ക് അനുകൂലമായ വിധിയുമായി പുഷ്പ ഗനേഡിവാല രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുന്നതും പുരുഷന്‍ പാന്റിന്റെ സിപ് തുറക്കുന്നതും പോക്‌സോ നിയമപ്രകാരമുള്ള ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിരീക്ഷണം.

-

You might also like

-