ഉത്ര വധക്കേസിൽ വിധി ഇന്ന്.87 സാക്ഷി മൊഴികളും, 288 രേഖകളും 40 തൊണ്ടി മുതലും

സമാനതകൾ ഇല്ലാത്ത കേസിലാണ് ഇന്ന് വിധി പറയുന്നത്. കഴിഞ്ഞ വർഷം മേയ് ഏഴിനാണ് അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയിൽ കണ്ടത്.

0

കൊല്ലം :ഉത്ര വധക്കേസിൽ വിധി ഇന്ന്. ഉത്ര മരിച്ച് ഒരു വർഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷൻസ് കോടതിയുടെ വിധി. ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സമാനതകൾ ഇല്ലാത്ത കേസിലാണ് ഇന്ന് വിധി പറയുന്നത്. കഴിഞ്ഞ വർഷം മേയ് ഏഴിനാണ് അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയിൽ കണ്ടത്. റെക്കോർഡ് വേഗത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചതും വിചാരണ പൂർത്തിയാക്കിയതുംഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂർവ്വങ്ങളിൽ അപൂർവമായ കേസിലാണ് ഇന്ന് വിധി വരുന്നത്. സ്വത്തിന് വേണ്ടിയാണ് സൂരജ് ഈ ക്രൂരത ചെയ്തത്. ജീവനുള്ള ഒരു വസ്തു കൊലപാതകത്തിനുള്ള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധക്കേസിന്റെ ഏറ്റവും വലിയ സവിശേഷത. 87 സാക്ഷി മൊഴികളും, 288 രേഖകളും 40 തൊണ്ടി മുതലും അപഗ്രഥിച്ച ശേഷമാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് വിധി പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്.

ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്റെ അന്തിമ വാദം നടന്നത്. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. പണം മാത്രം ലക്ഷ്യമാക്കി വിവാഹം ചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം.

സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിച്ചു. ഉത്രയ്‌ക്ക് സ്ത്രീധനമായി നൽകിയ സ്വർണ്ണവും പണവും ഉത്രയുടെ വീട്ടുകാർ ആവശ്യപ്പെട്ടു. ഇതാണ് ഉത്രയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തിയും മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസിൽ നടന്നത്. പൊലീസ് വിദ്യാർഥികൾക്കുള്ള സിലബസിൽ പോലും ഇടം പിടിച്ച അന്വേഷണമാണ് ഉത്ര കേസിന്‍റേത്. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് കേസിൽ വിധി പറയുക. വിചാരണയ്ക്കിടയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. മൂന്ന് തവണയാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ രണ്ട് തവണ ഉത്രക്ക് പാമ്പിന്റെ കടിയേറ്റു. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണു സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്. സാക്ഷികൾ ഇല്ലാത്ത കേസിൽ സുരേഷ് മാപ്പു സാക്ഷിയാണ്.

-

You might also like

-