ജോസ് കെ മാണി ഇടതു പ്രവേശനം കാനവും പിണറായിയും കോടിയേരിയും കുടിക്കാഴ്ചനടത്തും വ്യഴം മുന്നണിയോഗം

മുന്നണി യോഗത്തില്‍ ആരും എതിര്‍പ്പുയര്‍ത്തില്ലെന്ന പ്രതീക്ഷയിലാണ് സിപിഎമ്മും.

0

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഇടതുമുന്നണി യോഗം വ്യാഴാഴ്ച ചേരും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ നടന്ന ചർച്ചക്ക് പിന്നാലെയാണ് യോഗ കാര്യം തീരുമാനിച്ചത്.
ജോസിനെ ഉടൻ ഘടകകക്ഷിയാക്കുന്നതിൽ സിപിഐക്ക് യോജിപ്പില്ല. കാഞ്ഞിരപ്പള്ളി സീറ്റ് നൽകുന്നതിലും എതിരഭിപ്രായമാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം മുന്നണി പ്രവേശനം മതിയെന്ന നിലപാടാണ് സിപിഐക്കുള്ളത്. എന്നാൽ ജോസിനെ എത്രയും പെട്ടെന്ന് മുന്നണിയിൽ ഉൾപ്പെടുത്തണമെന്നാണ് സിപിഎം നിലപാട്. ഇന്ന് ചേർന്ന സിപിഎം-സിപിഐ ചർച്ചയിൽ ഇക്കാര്യമായിരുന്നു അജണ്ട. ഇക്കാര്യത്തിൽ മുന്നണിയിലെ കക്ഷികളുടെ കൂടി അഭിപ്രായമറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം.

അതേസമയം മതേതര പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്ക് സിപിഎം തയ്യാറാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ബിജെപിയെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക സഖ്യങ്ങൾക്ക് പാർട്ടി പ്രാമുഖ്യം നൽകുന്നത്. കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗം എൽഡിഎഫിൽ ചേരുന്നതായുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ബീഹാ‍ർ മാതൃകയിൽ രാജ്യത്തെമ്പാടും ഇടതുപക്ഷം കൂടുതൽ സഖ്യങ്ങൾക്ക് രൂപം കൊടുക്കുമെന്നും യെച്ചൂരി കൂട്ടിച്ചേ‍ർത്തു.

ജോസ് പക്ഷത്തിന്റെ വരവ് മറ്റു ഘടകക്ഷികളുമായി നേരത്തെ തന്നെ സിപിഎം ആശയവിനിമയം നടത്തിയെങ്കിലും വീണ്ടും പുതിയ സാഹചര്യങ്ങള്‍ ധരിപ്പിക്കും. വ്യാഴാഴ്ച ചേരുന്ന മുന്നണി യോഗത്തില്‍ ആരും എതിര്‍പ്പുയര്‍ത്തില്ലെന്ന പ്രതീക്ഷയിലാണ് സിപിഎമ്മും.എന്നാല്‍ നിയമസഭയിലെ സീറ്റുധാരണകള്‍ നേരത്തെ നിശ്ചയിക്കണമെന്ന് ചെറിയ പാര്‍ട്ടികള്‍ ആവശ്യമുയര്‍ത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തങ്ങളുടെ സീറ്റുകള്‍ എടുത്ത് ജോസ് കെ മാണിക്ക് കൊടുക്കുമോ എന്ന് ഏറ്റവും ആശങ്കയുള്ളത് ജനതാദള്ളിനും എന്‍സിപിക്കുമൊക്കെയാണ്