രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ധോണിവിരമിച്ചു പ്രഖ്യാപനം ഇൻസ്റ്റഗ്രാമിലൂടെ

ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോൾ. ഇതിനിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്

0

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോൾ. ഇതിനിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരമായി.ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സഹിതമുള്ള ലഘു കുറിപ്പിലാണ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്. ‘ഇതുവരെ നിങ്ങൾ തന്ന എല്ലാ പന്തുണയ്ക്കും സ്നേഹത്തിനും നന്ദി. ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക’ – ധോണി കുറിച്ചു.

2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ധോണി ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി, ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ സമ്മാനിച്ച ഏക നായകനുമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ തലമുറ മാറ്റം നടക്കുന്ന സമയത്ത് ടീമിന്റെ അമരത്തെത്തിയ ധോണി ഇന്ത്യൻ ക്രിക്കറ്റിനെ വിജയകരമായാണ് മുന്നോട്ടുനയിച്ചത്. ഇതിനിടെ ഏകദിന, ട്വന്റി20 ലോകകപ്പുകളും ചാംപ്യൻസ് ട്രോഫിയും നേടി.

രാജ്യാന്തര കരിയറിൽ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മൽസരങ്ങളിലും ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. ടെസ്റ്റിൽനിന്ന് 2014ൽ തന്നെ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പര നടക്കുമ്പോൾ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റിൽനിന്നുള്ള വിരമിക്കൽ. 90 ടെസ്റ്റുകളിൽനിന്ന് 38.09 ശരാശരിയിൽ 4876 റൺസ് നേടി. ഇതിൽ ആറു സെഞ്ചുറിയും 33 അർധസെഞ്ചുറിയും ഉൾപ്പെടുന്നു. ടെസ്റ്റിൽ 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളുമുണ്ട്.

350 ഏകദിനങ്ങളിൽനിന്ന് 50.57 റൺ ശരാശരിയിൽ 10,773 റൺസാണ് ധോണിയുടെ സമ്പാദ്യം. 10 സെ‍ഞ്ചുറിയും 73 അർധസെഞ്ചുറിയും ഇതിലുൾപ്പെടുന്നു. കരിയറിന്റെ തുടക്കക്കാലത്ത് പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 183 റൺസാണ് ഉയർന്ന സ്കോർ. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരിൽ ഏകദിനത്തിൽ മാത്രം 321 ക്യാച്ചുകളും 123 സ്റ്റംപിങ്ങുകളുമുണ്ട്. ഇതിനിടെ രണ്ട് ഏകദിനങ്ങളിൽ ബോളിങ്ങിലും കൈവച്ച ധോണി ഒരു വിക്കറ്റും നേടി. ഇന്നും ഏകദിനത്തിലെ ‘ബെസ്റ്റ് ഫിനിഷർ’ ആയി അറിയപ്പെടുന്ന താരം കൂടിയാണ് ധോണി.98 ട്വന്റി20 മൽസരങ്ങളിൽനിന്ന് 37.60 റൺ ശരാശരിയിൽ 1617 റൺസും ധോണി നേടി. ഇതിൽ രണ്ട് അർധസെഞ്ചുറികളുമുണ്ട്. ട്വന്റി20യിൽ 57 ക്യാച്ചുകളും 34 സ്റ്റംപിങ്ങും ധോണിയുടെ പേരിലുണ്ട്.

You might also like

-