നടിയെ ആക്രമിച്ച കേസ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. ദിലീപ് ജാമ്യത്തിലിരിക്കെ വിചാരണ നീതിപൂര്‍വ്വമാകില്ല

0

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. ദിലീപ് ജാമ്യത്തിലിരിക്കെ വിചാരണ നീതിപൂര്‍വ്വമാകില്ല. വിചാരണ കോടതി ഉത്തരവ് തെളിവുകള്‍ പരിഗണിക്കാതെയും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഏപ്രിൽ നാലിനാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, കേസുമായി ബന്ധപ്പെട്ട പല ഡിജിറ്റൽ തെളിവുകളും നശിപ്പിക്കാൻ ശ്രമിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന മറ്റൊരു കേസിൽ പ്രതിയുമായി. ഇക്കാര്യങ്ങൾ ഉയർത്തിയായിരുന്നു ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഡിസംബറിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെതിരെ രജിസ്റ്റർ ചെയ്ത വധഗൂഢാലോചന കേസിന്‍റെ ചുവട് പിടിച്ചായിരുന്നു പ്രോസിക്യൂഷൻ വാദങ്ങൾ.

ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കാട്ടിയാണ് വിചാരണ കോടതി ഈ ആവശ്യം തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നതിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ജുഡീഷ്യൽ ഓഫീസറെ വരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ കോടതിക്ക് മുൻപാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു

You might also like

-