അഫ്ഗാനിൽ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയിൽ എത്തിച്ചവർക്ക് പോളിയോ വാക്സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി

സൗജന്യമായാണ് വാക്സിൻ എടുക്കുക.

0

അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയിൽ എത്തിച്ചവർക്ക് പോളിയോ വാക്സിൻ എടുക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. സൗജന്യമായാണ് വാക്സിൻ എടുക്കുക. ഇവർക്ക് ഡൽഹി വിമാനത്താവളത്തിൽ വച്ച് പോളിയോ വാക്സിൻ എടുക്കുന്ന ചിത്രം അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും മാത്രമാണ് നിലവിൽ പോളിയോ മഹാമാരി നിലനിൽക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയതിനു പിന്നാലെ കാബൂളിൽ നിന്ന് ഞായറാഴ്ച 168 പേരെയാണ് ഇന്ത്യ രക്ഷപ്പെടുത്തിയത്. ഇതിൽ 107 പേർ ഇന്ത്യക്കാരാണ്. അതിനു മുൻപ് എംബസി ജീവനക്കാരും നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ 200 പേരെയും ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു.

 

അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിനരികെ ആൾത്തിരക്ക്. തിരക്കിൽ ഏഴ് പേർ മരണപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ട ഏഴ് പേരും അഫ്ഗാനിസ്ഥാൻ പൗരന്മാരാണ്. സംഭവത്തിൽ ദുഖം രേഖപ്പെടുത്തുന്നതായി യുകെ പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു.

 

കഴിഞ്ഞ ആഴ്ച കാബൂളിൽ നിന്ന് ഒഴിപ്പിച്ചത് 2500 അമേരിക്കക്കാരെയെന്ന് മേജർ ജനറൽ വില്ല്യം ടെയ്‌ലർ അറിയിച്ചിരുന്നു. എത്രയും വേഗം ആളുകളെ ഒഴിപ്പിക്കാൻ അമേരിക്ക ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 17,000 പേരെയാണ് ആകെ ഒഴിപ്പിച്ചത്. ഇതിൽ 2500 പേർ അമേരിക്കൻ പൗരന്മാരാണ്. ഇനി അഫ്ഗാനിസ്ഥാനിൽ എത്ര അമേരിക്കക്കാർ ഉണ്ട് എന്നതിനെപ്പറ്റി കൃത്യമായ എണ്ണം ലഭ്യമല്ലെന്ന് പെൻ്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു.

-

You might also like

-