സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂട് തുടരും .

വേനല്‍ കനക്കുന്ന ഈ സാഹചര്യത്തില്‍ മഴ ലഭിക്കാന്‍ ഇനിയും വൈകിയാല്‍ സംസ്ഥാനത്തൊട്ടാകെ കുടിവെള്ള ക്ഷാമം നേരിടാനും സാധ്യത ഉണ്ട്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂട് തുടരുകയാണ്. മിക്കയിടങ്ങളിലും ചൂട് നാല്‍പത് ഡിഗ്രിയോടടുപ്പിച്ചാണ് രേഖപ്പെടുത്തിയത്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളാണ് കനത്ത ചൂടില്‍ വലയുന്നത്. പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു താപനില.

വേനല്‍ കനക്കുന്ന ഈ സാഹചര്യത്തില്‍ മഴ ലഭിക്കാന്‍ ഇനിയും വൈകിയാല്‍ സംസ്ഥാനത്തൊട്ടാകെ കുടിവെള്ള ക്ഷാമം നേരിടാനും സാധ്യത ഉണ്ട്.പലയിടങ്ങളിലും ഇപ്പോള്‍ തന്നെ കുടിവെള്ളം കിട്ടാക്കനിയാണ്. വിണ്ടു കീറിയ വയലും വറ്റി വരണ്ട പുഴകളും കിണറുകളും വേനലിന്റെ ഭീകരതയാണ് വെളിവാക്കുന്നത്. വേനല്‍ മഴയുടെ ലഭ്യതക്കുറവും അനുദിനം വര്‍ദ്ധിച്ചു വരുന്ന ചൂടും മൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്.

പൊതുജനങ്ങള്‍ പകല്‍ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക; മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക.

അയഞ്ഞതും, ഇളംനിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. അവധിക്കാലത്ത് വിനോദയാത്ര നടത്തുന്നവര്‍ നേരിട്ട് തീവ്രമായ ചൂടേല്‍ക്കാത്ത തരത്തില്‍ സമയക്രമീകരണം നടത്തുക. അതീവ ജാഗ്രതാ മുന്നറിയിപ്പ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കുക