സ്വര്ണക്കടത്ത് പത്ത് സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കി വിസ്തരിക്കും

കോടതിയ്ക്കു മുന്നില്‍ സ്വതന്ത്രമായും വിശ്വസ്തതയോടെയും ഹാജരാവാന്‍ സാക്ഷികള്‍ക്ക് നിയമത്തിന്റെ പിന്തുണ അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി. ഉന്നത ബന്ധമുള്ളവരാണ് പ്രതികള്‍.

0

കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസില്‍ വിചാരണ നടപടികള്‍ ആരംഭിയ്ക്കാനിരിയ്‌ക്കേ നിര്‍ണ്ണായക നീക്കവുമായി എന്‍.ഐ.എ. കേസിലെ പത്ത് സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കി വിസ്തരിക്കും .ഈയാവശ്യമുന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി എന്‍.ഐ.എ കോടതി അനുവദിച്ചു.സ്വര്‍ണ്ണക്കടത്തുകേസില്‍ 10 പേരെയാണ് സംരക്ഷിത സാക്ഷികളാക്കി വിസ്തരിക്കുന്നത്. ഇവരുടെ വിശദാംശങ്ങള്‍ കേസിന്റെ ഉത്തരവുകളിലും വിധിന്യായങ്ങളിലും പ്രത്യക്ഷപ്പെടില്ല. 10 പേർ ആരെന്ന് വെളിപ്പെടുത്തുന്ന രേഖകള്‍ പ്രതികള്‍ക്കോ അവരുടെ അഭിഭാഷകര്‍ക്കോ നല്‍കില്ല.

കോടതിയ്ക്കു മുന്നില്‍ സ്വതന്ത്രമായും വിശ്വസ്തതയോടെയും ഹാജരാവാന്‍ സാക്ഷികള്‍ക്ക് നിയമത്തിന്റെ പിന്തുണ അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി. ഉന്നത ബന്ധമുള്ളവരാണ് പ്രതികള്‍. ഇവര്‍ പ്രോസ്‌ക്യൂഷനെതിരെ പ്രതികൂല തെളിവു ലഭിയ്ക്കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്ന് സംശയമുണ്ടെന്നും എന്‍.ഐ.എ വാദിച്ചു.വിചാരണ സമയത്ത് സംരക്ഷിത സാക്ഷികളുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിയ്ക്കുമെന്ന് കോടതി അറിയിച്ചു. നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി എന്‍.ഐ.എ അപ്രതീക്ഷിത നീക്കം നടത്തിയിരുന്നു.സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരടക്കമുള്ള 20 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. യുഎപിഎയിലെ 16,17,18 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ആദ്യം അറസ്റ്റ് നടന്ന് 180 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ കേസില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചില്ല. സ്വര്‍ണ്ണക്കടത്തിലെ തീവ്രവാദ ബന്ധമാണ് എൻ.ഐ.എ അന്വേഷിച്ചത്.