യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം കാഴ്ച നഷ്ട്ടപെട്ട യുവാവ് ചികിത്സയിൽ

അടിമാലി ഇരുമ്പുപാലം പരിശകല്ല് സ്വദേശി  ഷീബയെ പോലീസ് കസ്റ്റഡിയിലെടുത്തു.അടിമാലിക്ക് സമീപം ഇരുമ്പുപാലത്ത് പള്ളിമുറ്റത്ത് വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം

0

അടിമാലി ,ഇടുക്കി | ഇടുക്കിയിൽ യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം. തിരുവനന്തപുരം സ്വദേശി അരുണിന് നേരെയാണ് ആസിഡ് ആക്രമണം നടന്നത്. ആക്രമണത്തിൽ യുവാവിന്റെ കാഴ്ചശക്തി നഷ്ടമായി. സംഭവത്തിൽ അടിമാലി ഇരുമ്പുപാലം പരിശകല്ല് സ്വദേശി  ഷീബയെ പോലീസ് കസ്റ്റഡിയിലെടുത്തു.അടിമാലിക്ക് സമീപം ഇരുമ്പുപാലത്ത് പള്ളിമുറ്റത്ത് വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടുകൊണ്ട് ആരംഭിച്ച ഇവരുടെ ബന്ധം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. തുടർന്നാണ് ഷീബ വിവാഹിതയാണെന്ന് യുവാവ് അറിയുന്നത്. യുവതിക്ക് രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഇതോടെ യുവാവ് ബന്ധത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു. എന്നാൽ യുവതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമ്മർദ്ദം ചെലുത്തുകയായിരുന്നു. തുടർന്ന് ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ട് ലക്ഷത്തി പതിനാലായിരം രൂപയാണ് ഷീബ ആവശ്യപ്പെട്ടത്.

സംഭവവുമായി ബന്ധപെട്ടു പോലീസ് പറയുന്നത് ഇങ്ങനെ “ചൊവ്വാഴ്ച്ച രാവിലെ 10.20 ന് അടിമാലി ഇരുമ്പുപാലം ക്രിസ്ത്യൻ പള്ളിക്ക് മുൻവശത്ത് വെച്ച് കയ്യിൽ കരുതിയ ആസിഡ് അരുണിന്റെ മുഖത്ത് ഷീബ ഒഴിക്കുകയായിരുന്നു. അരുണിനെ സംസാരിക്കാനായി വിളിച്ചു വരുത്തിയ ശേഷമായിരുന്നു ആക്രമണം. ഗേറ്റിന് പിന്നിൽനിന്ന് പെട്ടെന്ന് അരുണിന്‍റെ മുഖത്തേക്ക് ഷീബ ആസിഡ് ഒഴിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അരുണിന്റെ കാഴ്ച്ച ശക്തി പൂർണമായും നഷ്ടമായി. ആക്രമണത്തിൽ ഷീബയുടെ മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്. റബര്‍ ഉറയൊഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്.”

യുവാവിനെ പണം വാങ്ങാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷമാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം അവിടെ നിന്ന് ഓടി രക്ഷപ്പെടാനോ ഒന്നും യുവതി ശ്രമിക്കുന്നില്ല. എല്ലാ നിരീക്ഷിച്ചതിന് ശേഷമാണ് യുവതി പള്ളമുറ്റത്ത് നിന്നും പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് അങ്കമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവതിയെ ഇന്ന് വൈകിട്ട് മുരിക്കാശ്ശേരി പൂമാങ്കണ്ടം ഭർതൃ വീട്ടിൽ നിന്നും അടിമാലി  പോലീസ് കസ്റ്റഡിയിലെടുത്തു.ആക്രമണത്തിനിടെ യുവതിക്കും പരിക്കേറ്റിട്ടുണ്ട്

You might also like