അട്ടപ്പാടി മധു കേസിൽ നാല് സാക്ഷികൾ കൂടി കൂറുമാറി,കേസിൽ കൂറ് മാറിയവരുടെ എണ്ണം 20 ആയി

ഇന്നലെ കോടതിയിൽ പ്രദർശിപ്പിച്ച വീഡിയോ ദൃശ്യങ്ങൾ കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷിയെ ഇന്നും വിസ്തരിച്ചു. കാഴ്ചശക്തി പരിശോധനക്ക് ശേഷം വീണ്ടും വിസ്തരിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്

0

പാലക്കാട്| അട്ടപ്പാടി മധു കേസിൽ നാല് സാക്ഷികൾ കൂടി കൂറുമാറി. ഇന്ന് വിസ്തരിച്ച നാല് പേരാണ് കൂറുമാറിയത്. ക്കാലി സ്വദേശികളായ മനാഫ്, മണികണ്ഠൻ, രഞ്ജിത്, അനൂപ് എന്നിവരാണ് കൂറുമാറിയത്. ( 32, 33, 34, 35 സാക്ഷികള്‍ കൂടി കൂറുമാറി). 32-ാം സാക്ഷി മനാഫ്, 33-ാം സാക്ഷി രഞ്ജിത്, 34-ാം സാക്ഷി മണികണ്ഠൻ, 35-ാം സാക്ഷി അനൂപ് എന്നിവർ മൊഴി തിരുത്തിയത്. ഇതോടെ കൂറ് മാറിയവരുടെ എണ്ണം 20 ആയി. വിസ്താരം നാളെയും തുടരും.നാടകീയ സംഭവങ്ങളാണ് വിചാരണ കോടതിയിൽ വിസ്താരത്തിനിടെ ഇന്ന് അരങ്ങേറിയത്. ഇന്നലെ കോടതിയിൽ പ്രദർശിപ്പിച്ച വീഡിയോ ദൃശ്യങ്ങൾ കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷിയെ ഇന്നും വിസ്തരിച്ചു. കാഴ്ചശക്തി പരിശോധനക്ക് ശേഷം വീണ്ടും വിസ്തരിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യത്തിൽ കാഴ്ചക്കാരനായി ഉണ്ടായിട്ടും ഒന്നും കാണുന്നില്ലെന്ന് ആവർത്തിച്ചതോടെയാണ് കാഴ്ച പരിശോധിക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. പരിശോധനയിൽ ഇയാൾക്ക് കാഴ്ച്ചാ പരിമിതിയില്ലെന്ന് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും വിസ്തരിക്കാൻ ഉത്തരവിട്ടത്.വിചാരണക്കോടതി വീണ്ടും ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ ആദ്യം നിഷേധിച്ച സുനിൽ കുമാർ ദൃശ്യങ്ങളിലുള്ളത് താനാണെന്ന് പിന്നീട് സമ്മതിച്ചു. സാക്ഷിക്കെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻറെ ഹർജി നാളെ പരിഗണിക്കും.

കൂറുമാറിയ 29 ആം സാക്ഷി സുനിൽ കുമാറിനെ മണ്ണാർക്കാട് എസി എസ്ടി വിചാരണക്കോടതി വീണ്ടും വിസ്തരിച്ചു. ഇന്നലെ കാണിച്ച അതേ ദൃശ്യങ്ങൾ വീണ്ടും പ്രദർശിപ്പിച്ചായിരുന്നു പുനർ വിസ്താരം. മൂന്ന് ദൃശ്യങ്ങൾ വീണ്ടും കാണിച്ചതോടെ ഇന്നലെത്തെ മൊഴി സുനിൽ കുമാർ തിരുത്തി. ദൃശ്യങ്ങളിൽ ഉള്ളത് എന്നെപ്പോലത്തെ ഒരാളാണെന്നും സുനിൽ കുമാര്‍ മാറ്റിപ്പറഞ്ഞു. പ്രതിഭാഗത്തിന്‍റെ തടസ്സ വാദങ്ങൾ പരിഗണിക്കാതെയായിരുന്നു കോടതിയുടെ ഇന്നത്തെ നടപടികൾ. നേത്ര പരിശോധനയുടെ വിശദമായ റിപ്പോർട്ട്‌ വരുംവരെ കാത്ത് നിൽക്കണം എന്ന ആവശ്യവും കോടതി നിരസിച്ചു. സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ ഹർജി നാളെ പരിഗണിക്കും

കൂറുമാറിയ നാലാമത്തെ ഫോറസ്റ്റ് വാച്ചറാണ് സുനിൽകുമാർ. കൂറുമാറിയതോടെ ഇയാള ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സൈലന്‍റ് വാലി ഡിവിഷനിലെ ആനവായി ഫോറസ്റ്റ് റേഞ്ചിലെ താൽകാലിക വാച്ചറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. നേരത്തെ, മൊഴി മാറ്റിയ വാച്ചർമാരായ അനിൽ കുമാർ, കാളിമൂപ്പൻ, അബ്ദു റസാഖ് എന്നിവരെ സർവീസിൽ പിരിച്ചു വിട്ടിരുന്നു.കേസിലെ മുപ്പത്തിയൊന്നാം സാക്ഷി ദീപു ഇന്നലെ കൂറുമാറിയിരുന്നു. ഇരുപത്തിയൊന്നാം സാക്ഷി വീരൻ, ഇരുപതാം സാക്ഷി മരുതൻ, പതിനഞ്ചാം സാക്ഷി മെഹറുന്നീസ തുടങ്ങിയവർ നേരത്തേ കൂറുമാറിയിരുന്നു

You might also like

-