ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നാലു ബൈക്കുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരു വാഹനത്തിൽ ചോരക്കറ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക്ക് വിദഗ്ധർ ബൈക്ക് പരിശോധിച്ച് വരികയാണ്

0

ആലപ്പുഴ | ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും പിടിയിലായവരിൽ ഉണ്ടെന്നാണ് വിവരം. കേസിൽ ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാണ്. ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. മണ്ണഞ്ചേരി സ്വദേശികളായ ആസിഫ്,നിഷാദ്, അലി, സുധീർ, അർഷാദ് എന്നിവരാണ് പ്രതികൾ. രൺജിത്ത് വധത്തിൽ ഇവർക്ക് വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.
പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നാലു ബൈക്കുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരു വാഹനത്തിൽ ചോരക്കറ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക്ക് വിദഗ്ധർ ബൈക്ക് പരിശോധിച്ച് വരികയാണ്. അതേസമയം, ആലപ്പുഴ രജിസ്ട്രേഷനിലുള്ള ബൈക്കിന്റെ യഥാർത്ഥ ഉടമയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മണ്ണഞ്ചേരി സ്വദേശിയുടെതാണ് ബൈക്ക്. ഉടമയെ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ ബൈക്ക് കൊണ്ടുപോയത് ആരാണെന്ന് അറിയില്ലെന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ അത് പൊലീസ് വിശ്വസിച്ചിട്ടില്ല .

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ ജില്ല വിട്ട് പോയിട്ടില്ലെന്നും പൊലീസ് അനുമാനിക്കുന്നു. ഇരു കൊലപാതകങ്ങൾക്കും ശേഷം പൊലീസ് ഹൈവേകളിലും പോക്കറ്റ് റോഡുകളിലും ശക്തമായ പരിശോധനയാണ് നടക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടുകയും ചെയ്തു

രൺജിത്ത് വധക്കേസിൽ ചോദ്യം ചെയ്യാനായി മണ്ണഞ്ചേരി പഞ്ചായത്തംഗവും എസ്.ഡി.പി.ഐ നേതാവുമായ നവാസ് നൈനയെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകർ രണ്ടു ദിവസമായി കരുതൽ കസ്റ്റഡിയിലാണ്. ആർ.എസ്.എസ്-എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ പ്രതികൾക്കായി വ്യാപക പരിശോധന നടക്കുന്നുണ്ട്. തെരച്ചിൽ തുടരാൻ ഇന്നലെ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമെടുതതിരുന്നു. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

You might also like