പെരിയ ഇരട്ടക്കൊലക്കേസിൽ അഞ്ചു സിപിഎം നേതാക്കൾ അറസ്റ്റിൽ

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ള അഞ്ചു പേരാണ് അറസ്റ്റിലായത്

0

പെരിയ ഇരട്ടക്കൊലക്കേസിൽ അഞ്ചു സിപിഎം നേതാക്കൾ അറസ്റ്റിൽ. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ള അഞ്ചു പേരാണ് അറസ്റ്റിലായത്. സുരേന്ദ്രൻ – അഥവാ വിഷ്ണു സുര, ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ രാജു എന്നയാൾ കാസർകോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. ഇവരെ നാളെ എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കും.

മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ നേരത്തെ കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠൻ കേസിൽ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.

2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(21), ശരത്ലാൽ(24) എന്നിവരെ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരനാണ് ഒന്നാം പ്രതി.
അറസ്റ്റിലായ എല്ലാവരും ഏച്ചിലടുക്കം ഭാഗത്ത് നിന്നുള്ളവർ തന്നെയാണ്. ഇരട്ടക്കൊലപാതകം നടന്ന കല്യോട്ടിന് സമീപമുള്ള സ്ഥലമാണ് ഏച്ചിലടുക്കം. അഞ്ച് സിപിഎം പ്രവർത്തകരെക്കൂടി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ റസ്റ്റ് ഹൗസ് പരിസരത്ത് വലിയ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

You might also like

-