ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു അമേരിക്ക

ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനപരമായി പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രതിനിധി അറിയിച്ചു.

0

വാഷിംഗ്‌ടൺ ഡി സി : ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നറിയിച്ച് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനപരമായി പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രതിനിധി അറിയിച്ചു.

‘നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്,’ യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് അറിയിച്ചു.

ഇന്ത്യയും ചൈനയും വിഷയത്തില്‍ അമേരിക്കയുടെ ഇടപെടല്‍ വേണമെന്ന് ആവശ്യം പ്രകടിപ്പിച്ചതായും പ്രതിനിധി പറഞ്ഞു. ഒപ്പം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 20 ഇന്ത്യന്‍ സൈനികര്‍ക്ക് യു.എസ് പ്രതിനിധി അനുശോചനവും അറിയിച്ചു.

അതേസമയം ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന സൈനിക സംഘര്‍ഷത്തില്‍ യു.എന്‍ ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് പ്രതിനിധി മുഖാന്തരം യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് അറിയിച്ചു.

ഇതിനിടെ ലഡാക്കിലെ സംഘര്‍ഷപ്രദേശത്ത് നിന്ന് ഇരുസൈന്യങ്ങളും പിന്‍വാങ്ങിയെന്ന് ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി അറിയിച്ചു. 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.

17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കൂടെയുണ്ടായത് മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്.

You might also like

-