സംസ്ഥാനത്ത് 73.58 ശതമാനം പോളിങ് ; കൂട്ടിക്കിഴിച്ച് മുന്നണികൾ

തിരുവനന്തപുരം 65.11%, കൊല്ലം 73.07%, പത്തനംതിട്ട 67.10%, ആലപ്പുഴ 74.43%, കോട്ടയം 72.08%, ഇടുക്കി 69.79%, എറണാകുളം 74.00%, തൃശൂർ 73.65%, പാലക്കാട് 76.11%, മലപ്പുറം 74.12%, കോഴിക്കോട് 78.26%, വയനാട് 74.42%, കണ്ണൂർ 77.42%, കാസർകോട് 74.80% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം.

0

തിരുവനന്തപുരം : ആദ്യഘട്ടത്തിലെ ആവേശം നിലനിർത്താനാകാതെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചു. ഏഴു മണിയോടെ 73.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ നാലു ശതമാനം വോട്ടിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. പത്തു മണിയോടെ വോട്ടിങ്ങിന്റെ അന്തിമ കണക്കുകൾ പുറത്തുവരും. ഇതിന് ശേഷം മാത്രമേ യഥാർത്ഥ ചിത്രം വ്യക്തമാകൂ.

തിരുവനന്തപുരം 65.11%, കൊല്ലം 73.07%, പത്തനംതിട്ട 67.10%, ആലപ്പുഴ 74.43%, കോട്ടയം 72.08%, ഇടുക്കി 69.79%, എറണാകുളം 74.00%, തൃശൂർ 73.65%, പാലക്കാട് 76.11%, മലപ്പുറം 74.12%, കോഴിക്കോട് 78.26%, വയനാട് 74.42%, കണ്ണൂർ 77.42%, കാസർകോട് 74.80% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം.

ത്രികോണ മത്സരം നടന്ന നേമത്ത് 69.65 ശതമാനവും കഴക്കൂട്ടത്ത് 69.46 ശതമാനവും പോളിങ് നടന്നു. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, പാറശ്ശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിലെല്ലാം പോളിങ് എഴുപത് ശതമാനം കടന്നു. പതിവു പോലെ തിരുവനന്തപുരത്താണ് കുറവ് പോളിങ്, 61.69%.

കൊല്ലത്ത് കരുനാഗപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 78.49 ശതമാനം. ജില്ലയിൽ പുനലൂർ ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം പോളിങ് എഴുപത് ശതമാനം കടന്നു. പത്തനംതിട്ടയിൽ പൊതുവെ പോളിങ് കുറവായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ 71.33 ശതമാനമാണ് പോളിങ്. അടൂരിലും പോളിങ് എഴുപത് ശതമാനം കടന്നു.

ആലപ്പുഴയിൽ ചേർത്തല മണ്ഡലത്തിൽ പോളിങ് 80 ശതമാനം (80.39%) കടന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് 73.81 ശതമാനമാണ് പോളിങ്. അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം, മാവേലിക്കര എന്നിവിടങ്ങളിലെല്ലാം പോളിങ് 70 ശതമാനം കടന്നു.

കോട്ടയത്ത് കടുത്തുരുത്തിയിൽ മാത്രമാണ് പോളിങ് 70 ശതമാനത്തിന് താഴെ പോയത്, 68.01%. പിസി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിൽ 72.38 ശതമാനമാണ് പോളിങ്. ഇടുക്കിയിൽ ഉടുമ്പൻചോലയിലും (73.21%), പീരുമേട്ടിലും (72.05%) പോളിങ് മികച്ച നിലയിലായിരുന്നു.എറണാകുളം ജില്ലയിൽ ട്വന്റി 20യുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ കുന്നത്തുനാട്ടിലാണ് ഏറ്റവും കൂടുതൽ പോളിങ്-80.79%. കൊച്ചി, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിൽ 70 ശതമാനത്തിൽ താഴെയാണ് പോളിങ്. തൃശൂർ ജില്ലയിൽ ഗുരുവായൂർ, തൃശൂർ മണ്ഡലങ്ങളിൽ പോളിങ് എഴുപത് ശതമാനത്തിലെത്തിയില്ല. 68.35 ശതമാനം പോളിങ് രേഖപ്പടുത്തിയ ഗുരുവായൂരിൽ ബിജെപിക്ക് സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല.

വി.ടി ബൽറാമും എംബി രാജേഷും തമ്മിൽ കടുത്ത മത്സരം നടന്ന പാലക്കാട് ജില്ലയിലെ തൃത്താലയിൽ 76.95 ശതമാനമാണ് പോളിങ്. പട്ടാമ്പി, ഷൊർണൂർ, തരൂർ, ആലത്തൂർ, മണ്ണാർക്കാട് തുടങ്ങി ജില്ലയിലെ എല്ലാ മണ്ഡലത്തിലും പോളിങ് എഴുപത് ശതമാനം കടന്നു.മലപ്പുറത്ത് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയിലും (69.51%) സിപിഎമ്മിനുള്ളിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉടലെടുത്ത പൊന്നാനിയിലും (69.34) പോളിങ് കുറഞ്ഞു. എംപി സ്ഥാനം രാജിവച്ച് അങ്കത്തിനിറങ്ങിയ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിൽ നേരത്തെ ലീഗ് അണികൾക്കിടയിൽ അസംതൃപ്തിയുണ്ടായിരുന്നു. ഇതാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചത് എന്ന് കരുതപ്പെടുന്നു. സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കമാണ് പൊന്നാനിയിൽ പ്രതിഫലിച്ചത്.

കോഴിക്കോട് ജില്ലയിൽ കുന്ദമംഗലത്ത് 81.16 ശതമാനമാണ് വോട്ടിങ്. കുറ്റ്യാടിയിൽ പോളിങ് 80.95 ശതമാനം കടന്നു. കെകെ രമയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ വടകരയിൽ 78.93 ശതമാനമാണ് പോളിങ്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് എഴുപത് ശതമാനം കടന്നിട്ടുണ്ട്. വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും പോളിങ് എഴുപത് ശതമാനം പിന്നിട്ടു.

കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടത്ത 80 ശതമാനവും തളിപ്പറമ്പിൽ 80.54 ശതമാനവുമാണ് പോളിങ്. ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതിരുന്ന തലശ്ശേരിയിൽ 73.49 ശതമാനമാണ് പോളിങ്. കടുത്ത മത്സരം നടന്ന അഴീക്കോട്ട് 74.54 ശതമാനമാണ് പോളിങ്. കാസർക്കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് 70 ശതമാനം കടന്നിട്ടുണ്ട്. ത്രികോണ മത്സരമുണ്ടായ മഞ്ചേശ്വരത്ത് 76.61 ശതമാനമാണ് പോളിങ്.