ഡോ. മണിക് സഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബിപ്ളവ് കുമാർ ദേബിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത്

0

അഗർത്തല |ഡോ. മണിക് സഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി.ഭൂപേന്ദ്രയാദവ്, വിനോദ് താവ്ടെ എന്നീ കേന്ദ്രനിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ത്രിപുരയിൽ നിന്നുള്ള രാജ്യസഭാ എംപിയും സംസ്ഥാന ബിജെപി അധ്യക്ഷനുമാണ് ഡോ. മണിക് സഹ.മാണിക് സഹയ്ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി ഭുപേന്ദർ യാദവ് രംഗത്ത് വന്നു. ‘മണിക് സഹയ്ക്ക് അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിലും നിങ്ങളുടെ നേതൃത്വത്തിലും ത്രിപുര വലിയ വികസനം കൈവരിക്കും’- ഭൂപേന്ദ്ര യാദവ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബിപ്ളവ് കുമാർ ദേബിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത്. പാർട്ടിയിലെ എതിർപ്പും ഭരണത്തിനെതിരായ ജനവികാരവും പരിഗണിച്ചാണ് തീരുമാനം. ഇന്നലെ ദില്ലിയിലേക്ക് വിളിപ്പിച്ച് അമിത് ഷായാണ് നേതൃമാറ്റത്തിനുള്ള തീരുമാനം ബിപ്ളവ് ദേബിനെ അറിയിച്ചത്. ഇന്ന് നാലു മണിക്ക് ഗവർണ്ണർ എസ്എൻ ആര്യയെ കണ്ട് ദേബ് രാജി നല്‍കി. പദവിയല്ല പാർട്ടിയാണ് വലുതെന്ന് ദേബ് പറഞ്ഞു. ത്രിപുരയിലെ ജനങ്ങളുടെ വികസനത്തിനായുള്ള ശ്രമം തുടരും എന്ന് ദേബ് പറഞ്ഞു.ബിപ്ലബ് ദേവും ആശംസയുമായി രംഗത്ത് വന്നു. ‘മാണിക് സഹയ്ക്ക് ആശംസകൾ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മാർഗദർശനത്തിലും നേതൃത്വത്തിലും ത്രിപുര സമൃദ്ധമാവും’ -ബിപ്ലബ് കുറിച്ചു.

അടുത്ത വർഷമാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ്. 25 വർഷം നീണ്ട ഇടത് ഭരണം അട്ടിമറിച്ചുകൊണ്ട് കേവലം ഭൂരിപക്ഷം നേടി 2018 ലാണ് ബിപ്ലബ് കുമാർ ദേവ് ത്രിപുരയിൽ അധികാരത്തിലെത്തിയത്.

You might also like