90കളുടെ പ്രതാപകാലം തിരിച്ചുപിടിച് ദൂരദർശൻ

40,000 ശതമാനം പ്രേക്ഷകരുടെ വര്‍ധനവാണ് ദൂരദർശൻ ഇക്കാലയളവിൽ ഉണ്ടാക്കിയത്

0

ഒരു കാലത്ത് ഇന്ത്യന്‍ ജനത പകരക്കാരില്ലാതെ ആശ്രയിച്ചിരുന്ന ദൂരദര്‍ശന്‍ വീണ്ടും പ്രതാപകാലത്തിന്‍റെ കരുത്തിലേക്ക്. ലോക്ഡൌണ്‍ കാലത്തെ വിരസത ഒഴിവാക്കാന്‍ പഴയ ക്ലാസിക് പരമ്പരകള്‍ വീണ്ടും പ്രദര്‍ശിപ്പിച്ച് തുടങ്ങിയതോടെയാണ് ദൂരദര്‍ശന്‍ റേറ്റിങ്ങില്‍ റെക്കോര്‍ഡ് നേട്ടവുമായി തിരിച്ചുവരവ് ആഘോഷിച്ചത്. പോയ ആഴ്ചയിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കണ്ട ചാനലായി ഇതോടെ മാറിയിരിക്കുകയാണ് ദൂരദർശൻ. ബി.എ.ആർ.സി( ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) യുടെ കണക്കനുസരിച്ച് 40,000 ശതമാനം പ്രേക്ഷകരുടെ വര്‍ധനവാണ് ദൂരദർശൻ ഇക്കാലയളവിൽ ഉണ്ടാക്കിയത്.

ലോക്ക്ഡൗണ്‍ കാലയളവില്‍ രാമായണത്തിനു പിന്നാലെ മഹാഭാരതം, ശക്തിമാൻ, ബുനിയാദ് എന്നീ പരമ്പരകളാണ് പുന:സംപ്രേഷണമായി ദൂരദര്‍ശകന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. ഏകചാനല്‍ പദവി ഉണ്ടായിരുന്ന കാലങ്ങളില്‍ ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിച്ചിരുന്ന പരമ്പരകളാണ് ഇവയെല്ലാം. പിന്നീട് സ്വകാര്യ ചാനലുകളുടെ വരവോടെ ദൂരദർശന്റെ മേൽക്കോയ്മ നഷ്ടപ്പെടുകയായിരുന്നു. 90കളുടെ പ്രതാപകാലത്ത് പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരകള്‍ വീണ്ടും പ്രദര്‍ശിപ്പിച്ചതോടെയാണ് ദൂരദര്‍ശന്‍ ചാനല്‍ റേറ്റിങ്ങില്‍ ഒന്നാമതെത്തിയത്.

സൺ ടി.വി കാണുന്നവരുടെ എണ്ണത്തിലും വൻ വർധനയുണ്ടായിട്ടുണ്ട്. തങ്ങളുടെ പ്രതാപകാലത്തെ പരിപാടികളും പരമ്പരകളുമൊക്കെ വീണ്ടും സംപ്രേക്ഷണം ചെയ്താണ് സണ്‍ ടി.വിയും കാഴ്ചക്കാരെ വര്‍ധിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ടെലിവിഷന്‍ കാണുന്ന സമയത്തില്‍ 4 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ 43 ശതമാനത്തിന്റെ വര്‍ധനവാണ് ടി.വി പ്രേക്ഷകരില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയ അവിസ്മരണീയ ജയങ്ങളുടെ പുന:സംപ്രേക്ഷണവുമായി സ്പോര്‍ട്സ് ചാനലുകളും രംഗത്ത് വന്നിട്ടുണ്ട്. 21 ശതമാനത്തോളം കാഴ്ചക്കാരുടെ വര്‍ധനവാണ് സ്പോര്‍ട്സ് ചാനലുകള്‍ക്ക് ഉണ്ടായിരിക്കുന്നത്.

You might also like

-