നികുതിപ്പണം കൊണ്ട് ജനസദസ് നടത്തരുത് സി.പി.എമ്മിന്റെ കയ്യിലുള്ള അഴിമതിപ്പണം ഉപയോഗിച്ചോളൂ ; വി ഡി സതീശൻ

സാധാരണക്കാര്‍ നികുതിയായി പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന പണം കൊണ്ടല്ല, സി.പി.എമ്മിന്റെ കയ്യിലുള്ള അഴിമതിപ്പണം ചെലവാക്കി വേണം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണബാങ്കുകളുടെയും പണം ഉപയോഗിച്ച് ജനസദസ് നടത്തുന്നത് കേരളീയം കഴിഞ്ഞുള്ള രണ്ടാമത്തെ ധൂര്‍ത്താണ്

0

തൊടുപുഴ | ജനസദസ് നടത്തുന്നതിന് പണം അനുവദിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളോടും ജില്ലാ കളക്ടര്‍മാരോടും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന പദ്ധതി വിഹിതത്തിന്റെ രണ്ടാം ഗഡുവായ 3000 കോടി രൂപ ഇതുവരെ നല്‍കാത്ത സര്‍ക്കാരാണ് ജനസദസിന് പണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനസദസിന് വേണ്ടി തെരഞ്ഞെടുപ്പ് സംവിധാനത്തെയും സി.പി.എം ദുരുപയോഗം ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാരോട് ജനസദസിന് വേണ്ടി യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യേണ്ട ബി.എല്‍.ഒമാരെ ദുരുപയോഗം ചെയ്യുന്നതിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും.

സാധാരണക്കാര്‍ നികുതിയായി പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന പണം കൊണ്ടല്ല, സി.പി.എമ്മിന്റെ കയ്യിലുള്ള അഴിമതിപ്പണം ചെലവാക്കി വേണം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണബാങ്കുകളുടെയും പണം ഉപയോഗിച്ച് ജനസദസ് നടത്തുന്നത് കേരളീയം കഴിഞ്ഞുള്ള രണ്ടാമത്തെ ധൂര്‍ത്താണ്. ഓണാഘോഷ പരിപാടി നടത്തിയതിന്റെ പണം പോലും കൊടുത്തു തീര്‍ക്കാതെ ഈ തുലാവര്‍ഷക്കാലത്ത് പിണറായി വിജയന്‍ അല്ലാതെ മറ്റാരെങ്കിലും കേരളീയം പോലൊരു ധൂര്‍ത്ത് തിരുവനന്തപുരം നഗരത്തില്‍ നടത്തുമോ?

വൈദ്യുതി നിരക്ക് വര്‍ധന ജനങ്ങളോടുള്ള ക്രൂരതയാണ്. സര്‍ക്കാര്‍ നടത്തുന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഫലം അനുഭവിക്കേണ്ടി വരുന്നത് പൊതുജനങ്ങളാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്ന കെ.എസ്.ഇ.ബി ഏഴ് വര്‍ഷം കൊണ്ട് 40000 കോടി രൂപയുടെ കടത്തിലാണ്. യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്തുണ്ടാക്കിയ പവര്‍ പച്ചേസ് കരാര്‍ റദ്ദാക്കി. ഇതോടെ കഴിഞ്ഞ 180 ദിവസമായി ദിവസേന ഏഴ് കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുരപ്പുറം സോളാര്‍ പദ്ധതിയിലും വന്‍ അഴിമതി നടത്തി. ഈ അഴിമതികളിലൂടെയെല്ലാം ബോര്‍ഡിനുണ്ടായ നഷ്ടമാണ് ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്നത്. ഇനി എല്ലാ വര്‍ഷവും നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് മന്ത്രി പറയുന്നത്. വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ജനങ്ങളെ പീഡിപ്പിക്കുന്ന ജനവിരുദ്ധസര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി.

മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യരോട് കേരളീയത്തില്‍ പങ്കെടുക്കരുതെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ നിര്‍ദ്ദേശം ധിക്കരിച്ചാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്. ഇക്കാര്യം എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്.

You might also like

-