അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ കപ്പലിനെ ആക്രമിച്ചെന്ന് ഡോണൾഡ് ട്രംപ്
ചൈനയിൽ നിന്നും ഇറാനിലേക്ക് വരികയായിരുന്നു കപ്പലിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു
വാഷിങ്ടൺ | അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ കപ്പലിനെ ആക്രമിച്ചെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തൗസ്‌ക എന്ന ഇറാനിയൻ കപ്പൽ
യു എസ് നേവിയുടെ കസ്റ്റഡിയിലെന്നും ട്രംപ്. കപ്പൽ പിടിച്ചെടുത്ത അമേരിക്കയുടെ നടപടി കടൽക്കൊള്ളയെന്ന് ഇറാൻ സൈന്യം. കപ്പൽ ആക്രമണത്തിനെതിരെ ഉടനടി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതിനിടെ ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ചയിൽ അനിശ്ചിതത്വം തുടരുകയാണ്.യു എസ് നാവിക സേനയുടെ മുന്നറിയിപ്പ് കപ്പൽ അവഗണിച്ചെന്ന് ട്രംപ് പറഞ്ഞു. ചൈനയിൽ നിന്നും ഇറാനിലേക്ക് വരികയായിരുന്നു കപ്പലിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു.
ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ചയ്ക്കായി ഇറാൻ പ്രതിനിധി സംഘം ചൊവ്വാഴ്ച ഇസ്ലാമാബാദിൽ എത്തിയേക്കുമെന്ന് അമേരിക്കൻ മാധ്യമമായ സി എൻ എൻ റിപ്പോർട്ട് ചെയ്തു. ഇറാൻ സംഘത്തെ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് തന്നെ നയിക്കുമെന്നാണ് റിപ്പോർട്ട്.അമേരിക്കൻ സംഘത്തെ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് നയിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇറാൻ്റെ ദേശീയ സുരക്ഷയും താൽപര്യവും സംരക്ഷിക്കാൻ എല്ലാ ശേഷിയും ഇറാൻ ഉപയോഗിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി വ്യക്തമാക്കി. അതേസമയം തെക്കൻ ലെബനോണിൽ ഇസ്രയേൽ സൈനികൻ ക്രിസ്തുവിൻ്റെ പ്രതിമ തകർക്കുന്ന ഫോട്ടോ യഥാർത്ഥമാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ സൈന്യം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും പ്രതിമ പുനഃസ്ഥാപിക്കാനുളള നീക്കം ആരംഭിച്ചുവെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.അതേസമയം ഇറാന്‍-യുഎസ് രണ്ടാംഘട്ട ചര്‍ച്ച നാളെ പാകിസ്താനില്‍ നടക്കും. ഇസ്‌ലമാബാദിലാണ് ചര്‍ച്ച നടക്കുക. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. കരാര്‍ സാധ്യമായില്ലെങ്കില്‍ ഇറാനിലെ എല്ലാ ഊര്‍ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വെടിയുതിര്‍ത്തുവെന്നും ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ പൂര്‍ണ ലംഘനമാണെന്നും ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്നാണ് ഇറാന്‍ പറയുന്നത്. ഇത് വിചിത്രമായ വാദമാണ്. കാരണം യുഎസ് ഉപരോധം മൂലം ഹോര്‍മുസ് കടലിടുക്ക് ഇതിനകം അടഞ്ഞുകിടക്കുകയാണ്. ഇറാന്‍ അറിയാതെ തന്നെ അവര്‍ യുഎസിനെ സഹായിക്കുകയാണ്. യുഎസ് ന്യായമായ കരാറാണ് വാഗ്ദാനം ചെയ്യുന്നത്. ഇറാന്‍ അത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് തയ്യാറാകാത്ത പക്ഷം ഇറാന്റെ ഊര്‍ജനിലയങ്ങളും പാലങ്ങളും അമേരിക്ക തകര്‍ക്കുമെന്നും ട്രംപ് ഭീഷണിമുഴക്കി