നടിയെ ആക്രമിച്ച കേസ് ദീലീപിന്റെ ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും

ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും സഹോദരീ ഭർത്താവ് സുരാജിന്റെയും വീടിന് മുന്നിൽ അന്വേഷണ സംഘം നോട്ടീസ് പതിച്ചു.

0

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടൻ ദീലീപിന്റെ ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും. ദിലീപിന്റെ അനുജൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യുക.
കേസിൽ ദിലീപിനും കൂട്ടാളികൾക്കും അന്വേഷണ സംഘം വീണ്ടും നോട്ടീസ് അയച്ചു. ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും സഹോദരീ ഭർത്താവ് സുരാജിന്റെയും വീടിന് മുന്നിൽ അന്വേഷണ സംഘം നോട്ടീസ് പതിച്ചു. ചോദ്യം ചെയ്യലിനായി ഇന്ന് ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാക്കണമെന്നാണ് നിർദ്ദേശം. പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. തുടർന്നാണ് ഇവരുടെ വീടുകൾക്ക് മുൻപിൽ നോട്ടീസ് പതിച്ചത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യയെ വീട്ടിൽ എത്തി ചോദ്യം ചെയ്യുന്നതിൽ വ്യക്തത കുറവുണ്ട്. ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ച പശ്ചാത്തലത്തിൽ വീട്ടിൽ എത്തി ചോദ്യം ചെയ്യാൻ സാധിക്കുമോയെന്ന് കാവ്യ ചോദിച്ചിരുന്നു.സാഹചര്യങ്ങൾ അനുകൂലമായാൽ ആലുവ പത്മസരോവരത്തിലെത്തി കാവ്യയെ ചോദ്യം ചെയ്‌തേക്കും.

അതിനിടെ, നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്‌ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതിൽ ഹർജി നൽകി.

You might also like

-