നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു

വിചാരണ കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും ദീലീപ് ആരോപിക്കുന്നു.

0

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അന്വേഷണം. വിചാരണ കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും ദീലീപ് ആരോപിക്കുന്നു. വധ ഗൂഢാലോചന കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

ബാലചന്ദ്രകുമാറിന്‍റേത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്നും ദിലീപ് പറയുന്നു. ഗൂഢാലോചന കേസിൽ കുടുംബത്തിലെ എല്ലാവരെയും പ്രതി ചേർത്തത് വ്യക്തി വൈരാഗ്യം മൂലമാണ്. ഓഡിയോ റെക്കോഡ് ചെയ്ത ഉപകരണങ്ങൾ അവരുടെ കൈവശമില്ല. ഹാജരാക്കിയ ഓഡിയോ യഥാർഥത്തിൽ റെക്കോഡ് ചെയ്ത ഫോൺ ബാലചന്ദ്രകുമാറിന്‍റെ കൈവശമില്ല. തന്നെ അപകീർത്തിപ്പെടുത്താനും വ്യക്തിഹത്യ ചെയ്യാനുമാണ് തുടരന്വേഷണമെന്നും ദിലീപ് ആരോപിച്ചു.

ഇതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകൾ ഫോറൻസിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ഫോണുകൾ കോടതിയിൽ വെച്ച് തുറന്നുപരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം പ്രതിഭാഗം ഇന്നലെ എതിർത്തിരുന്നു.

-

You might also like

-