മഴ സന്നദ്ധരായിരിക്കാൻ പോലീസ് സേനക്ക് ഡി ജി പി യുടെ നിർദേശം

ആംഡ് പൊലീസ് ബറ്റാലിയനുകൾ, കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ എന്നിവക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

0

തിരുവനതപുരം :സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്തമഴ
ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു . ആംഡ് പൊലീസ് ബറ്റാലിയനുകൾ, കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ എന്നിവക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പരമാവധി പാലിച്ചുകൊണ്ടായിരിക്കും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊലീസ് ഏർപ്പെടുകയെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

ഇന്ന് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കും. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. അതിന് പുറമെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ ആറ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.