മോൻസൺ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പു കേസിൽ ഡിജിപി അനിൽ കാന്തിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി

അസോസിയേഷൻ ഭാരവാഹികൾ എന്ന നിലയ്‌ക്കാണ് ഇവർക്ക് കാണാൻ അനുമതി നൽകിയതെന്ന് ഡിജിപി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ആറ് പേരടങ്ങുന്ന സംഘമാണ് ഡിജിപിയെ കാണാൻ എത്തിയത്. ഇതിന് ശേഷം എല്ലാവരും ചേർന്ന് ചിത്രം എടുത്തിരുന്നു

0

കൊച്ചി: മോൻസന്റെ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ മൊഴിയെടുത്തു. സംസ്ഥാന പോലീസ് മേധാവിയായി അനിൽകാന്ത് ചുമതല ഏറ്റെടുത്തതിന് ശേഷം മോൻസൻ മാവുങ്കൽ പോലീസ് ആസ്ഥാനത്തെത്തി ഡിജിപിയെ നേരിട്ട് കണ്ടിരുന്നു. പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പമാണ് മോൻസനും ഡിജിപിയെ കാണാൻ എത്തിയത്. അസോസിയേഷൻ ഭാരവാഹികൾ എന്ന നിലയ്‌ക്കാണ് ഇവർക്ക് കാണാൻ അനുമതി നൽകിയതെന്ന് ഡിജിപി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ആറ് പേരടങ്ങുന്ന സംഘമാണ് ഡിജിപിയെ കാണാൻ എത്തിയത്. ഇതിന് ശേഷം എല്ലാവരും ചേർന്ന് ചിത്രം എടുത്തിരുന്നു. എന്നാൽ ഈ ഫോട്ടോയിൽ നിന്ന് ഫെഡറേഷൻ ഭാരവാഹികളെ വെട്ടിമാറ്റി മോൻസനും ഡിജിപിയും മാത്രമുള്ള ചിത്രമാക്കിയും മോൻസൻ പ്രചരിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം മുൻ ഡിജിപിയും കൊച്ചി മെട്രോ റെയിൽ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് ഏബ്രഹാം, ഐജി ലക്ഷ്മണ എന്നിവരിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴി എടുത്തിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്താണ് എല്ലാവരുടേയും മൊഴി എടുത്തത്. മോൻസന്റെ വീട്ടിൽ പോലീസ് ബീറ്റ് ബോക്സ് സ്ഥാപിക്കാൻ ഉത്തരവിട്ടതിനെ കുറിച്ചും, മ്യൂസിയം സന്ദർശിച്ചതിനെ കുറിച്ചുമാണ് ബെഹ്‌റയോട് ചോദിച്ചറിഞ്ഞത്. ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം മൊഴിയെടുത്തത് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. മോൻസനെതിരായ കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അടിയന്തിരമായി ബെഹ്റയുടെ അടക്കം മൊഴി എടുത്തത്.

മോൻസന്റെ കേസുകൾ അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ശ്രമിച്ചിരുന്നു. മോൻസനുമായി ലക്ഷ്മണയ്‌ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന ആരോപണവും പരാതിക്കാർ ഉന്നയിച്ചിരുന്നു. അറസ്റ്റ് നടന്ന ദിവസം മോൻസന്റെ മകളുടെ വിവാഹനിശ്ചയത്തിലും ലക്ഷ്മണ പങ്കെടുത്തിരുന്നു. ലക്ഷ്മണയും മോൻസനും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലക്ഷ്മണയുടെ മൊഴി എടുത്തത്.

You might also like

-