പത്തനാപുരത്ത് സിപിഎം സിപിഐ സംഘർഷം

കണ്ടാലറിയുന്ന അമ്പത് പേര്‍ക്കെതിരെയാണ് പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തത്.

0

കൊല്ലം: പത്തനാപുരത്ത് ഉണ്ടായ സിപിഎം സിപിഐ സംഘര്‍ഷത്തിൽ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയുന്ന അമ്പത് പേര്‍ക്കെതിരെയാണ് പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് മീൻ ചന്തയിൽ സിപിഎം സിപിഐ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു എഐടിയുസി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തി ഏറ്റെടുത്തതോടെയാണ് സംഘര്‍ഷത്തിൽ കലാശിച്ചത്.

സംഘര്‍ഷത്തിനിടെ ചിതറിയോടിയ സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞു. ജീപ്പ് തകര്‍ത്തു. സ്വകാര്യ വാഹനങ്ങള്‍ക്കുനേരയും കടകൾക്കുനേരേയും കല്ലെറിഞ്ഞു. തുടര്‍ന്നാണ് കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് പൊലീസ് കേസെടുത്തത്.

പത്തനാപുരത്ത് ഏറെ നാളായി ഇടതുമുന്നണിയില്‍ സിപിഎം സിപിഐ പോര് രൂക്ഷമായിരുന്നു. ഇതിനിടെ സിഐടിയുവില്‍ നിന്ന് കുറച്ച് തൊഴിലാളികൾ എ ഐ ടി യുസിയില്‍ ചേര്‍ന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രശ്നം ഉടലെടുത്തതെന്നാണ് വിവരം. സംഘര്‍ഷാവസ്ഥ മുന്നിൽ കണ്ട് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

You might also like

-