ചിദംബരത്തിനെതിരെ കുരുക്കുകൾ മുറുകുന്നു രാജ്യം വിട്ടുപോകാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ്

രണ്ട് തവണ ഹർജികൾ ജസ്റ്റിസ് എൻ വി രമണയുടെ ബഞ്ചിൽ കേസ് പരാമർശിക്കാൻ കപിൽ സിബൽ ശ്രമിച്ചെങ്കിലും ഹർജിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയും തീരുമാനം ചീഫ് ജസ്റ്റിസിന്‍റേതാണെന്ന് ചൂണ്ടിക്കാട്ടിയും ഹർജി ബഞ്ച് പരിഗണിച്ചില്ല

0

ഡൽഹി :മുൻ ധനമന്ത്രിയും രാജ്യസഭാ എംപിയുമായ പി ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതി. രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇത് വിലക്കുകയായിരുന്നു. വെള്ളിയാഴ്ചത്തേയ്ക്ക് ഹർജി ലിസ്റ്റ് ചെയ്തതായി സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചു.

രണ്ട് തവണ ഹർജികൾ ജസ്റ്റിസ് എൻ വി രമണയുടെ ബഞ്ചിൽ കേസ് പരാമർശിക്കാൻ കപിൽ സിബൽ ശ്രമിച്ചെങ്കിലും ഹർജിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയും തീരുമാനം ചീഫ് ജസ്റ്റിസിന്‍റേതാണെന്ന് ചൂണ്ടിക്കാട്ടിയും ഹർജി ബഞ്ച് പരിഗണിച്ചില്ല. തുടർന്ന് അയോധ്യ കേസിന്‍റെ വാദം കേൾക്കുന്ന ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിൽ ഹർജി പരാമർശിക്കാൻ കപിൽ സിബൽ എത്തിയെങ്കിലും സംസാരിക്കുന്നതിന് മുമ്പ് തന്നെ ബഞ്ച് നടപടികൾ പൂർത്തിയാക്കി എഴുന്നേറ്റു.

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ. ഇന്നലെയും ഇന്നുമായി നാല് തവണയാണ് സിബിഐ, എൻഫോഴ്‍സ്മെന്‍റ് സംഘങ്ങൾ ജോർബാഗിലെ ചിദംബരത്തിന്‍റെ വസതിയിൽ കയറിയിറങ്ങിയത്. എന്നാൽ ചിദംബരം വീട്ടിലില്ലെന്ന മറുപടിയാണ് കിട്ടിയത്. ഇന്നലെ ചിദംബരത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്നലെ അർധരാത്രി ചിദംബരത്തിന്‍റെ വസതിയിൽ സിബിഐ ‘രണ്ട് മണിക്കൂറിനകം ഹാജരാകണം’ എന്നാവശ്യപ്പെട്ട് നോട്ടീസ് പതിച്ചു.

രാവിലെ പത്തേമുക്കാലോടെ കേസ് ജസ്റ്റിസ് എൻ വി രമണയുടെ ബഞ്ചിന് മുൻപാകെയാണ് അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പരാമർശിച്ചത്. എന്നാൽ അടിയന്തരമായി കേസ് പരിഗണിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ചീഫ് ജസ്റ്റിസാണെന്ന് പറഞ്ഞ്, ജസ്റ്റിസ് രമണ കേസ് ഫയൽ ചീഫ് ജസ്റ്റിസിന്‍റെ ബ‍ഞ്ചിലേക്ക് നൽകി. അയോധ്യ കേസിൽ വാദം നടന്നുകൊണ്ടിരിക്കവെയാണ് ഹർജി ചീഫ് ജസ്റ്റിസിന് മുന്നിലെത്തിയത്.

എന്നാൽ ചിദംബരത്തിന്‍റെ ഹർജി ‘ഡിഫക്ടീവ്’ എന്ന ലിസ്റ്റിലാണ് സുപ്രീംകോടതി റജിസ്ട്രാർ പെടുത്തിയത്. ഹർജിയിൽ അടിസ്ഥാനപരമായി പിഴവുകളുണ്ടെങ്കിൽ അത് ‘ഡിഫക്ടീവ് ലിസ്റ്റിലാണ്’ വരിക. അത് തിരുത്തി പുതിയത് സമർപ്പിക്കാൻ ഹർജിക്കാരന് 90 ദിവസം സമയമുണ്ട്. ഇതിനുള്ളിൽ തിരുത്തി നൽകിയാൽ ഹർജി ലിസ്റ്റ് ചെയ്യപ്പെടും.

You might also like

-