പി ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. “വ്യക്തിപരമായ നഷ്ടം” ഉമ്മൻചാണ്ടി

ഒരിക്കലെങ്കിലും പി.ടിയെ പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം ഇതൊരു വ്യക്തിപരമായ നഷ്ടം കൂടിയാണ്. വിശ്വസിക്കുന്ന ആദർശത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നയാളായിരുന്നു

0

ചെന്നൈ : പി ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പര്‍ലിമെന്‍റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പൊതുപ്രവർത്തന രംഗത്ത് സത്യസന്ധതയും ആത്മാർഥതയും ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ് എംഎൽഎ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഒരിക്കലെങ്കിലും പി.ടിയെ പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം ഇതൊരു വ്യക്തിപരമായ നഷ്ടം കൂടിയാണ്. വിശ്വസിക്കുന്ന ആദർശത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നയാളായിരുന്നു. പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പിടിയുടെ ആത്മാർഥതയിൽ തെല്ലും സംശയം തോന്നിയിട്ടില്ലെന്നും മാതൃകാ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പി.ടി തോമസിന്‍റെ മരണത്തോടെ തനിക്ക് നഷ്ടമായത് ജ്യേഷ്ഠ സഹോദരനെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളിയായിരുന്നെന്നും എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേതെന്നും വി.ഡി സതീശന്‍ അനുസ്മരിച്ചു. പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി.ടി. പി.ടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതാണെന്നും വി.ഡി സതീശന്‍ അനുസ്മരണ കുറിപ്പില്‍ പറഞ്ഞു.

പി ടി തോമസിന്‍റെ അകാല വേർപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശോചനം രേഖപ്പെടുത്തി. നിയമസഭ അംഗം എന്ന നിലയിലും പാർലമെന്‍റ് അംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പാർലമെൻ്റേറിയൻ ആയിരുന്നു പി ടി തോമസ്. വിദ്യാർത്ഥി സംഘടനാ നേതാവായിരുന്ന കാലംമുതൽ കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയെയാണ് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും കോടിയേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു

You might also like