കെഎസ്ആർടിസി എംഡി ബിജു പ്രഭാകരന്റെ കോലം കത്തിച്ച് സിഐടിയു പ്രവർത്തകർ.

കെഎസ്ആർടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണം. ഗതാഗത മന്ത്രിയും സിഎംഡിയും നിലപാട് തിരുത്തണമെന്നും കെഎസ്ആർടിഇഎ പറഞ്ഞു. ഗഡുക്കളായി ശമ്പളം നൽകാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

0

കൊല്ലം : കെഎസ്ആർടിസി എംഡി ബിജു പ്രഭാകരന്റെ കോലം കത്തിച്ച് സിഐടിയു പ്രവർത്തകർ. കെഎസ്ആർടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണം. ഗതാഗത മന്ത്രിയും സിഎംഡിയും നിലപാട് തിരുത്തണമെന്നും കെഎസ്ആർടിഇഎ പറഞ്ഞു. ഗഡുക്കളായി ശമ്പളം നൽകാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു. എല്ലാ ഡിപ്പോകളിലും സിഐടിയു പ്രതിഷേധിച്ചു.

ശമ്പള വിതരണം ​ഗഡുക്കളായെന്ന് കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തുവന്നിരുന്നു. അത്യാവശ്യക്കാർക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപ് നൽകാം. ബാക്കി ശമ്പളം സർക്കാര്‍ ധനസഹായത്തിന് ശേഷം നല്‍കും. ശമ്പള വിതരണത്തിനുള്ള മൊത്തം തുകയിൽ പകുതി കെഎസ്ആർടിസി സമാഹരിക്കുന്നുണ്ട്. ഇത് വച്ചാണ് ആദ്യ ഗഡു കൊടുക്കാൻ ഉദ്ദേശിക്കുന്നതെന്നും എംഡിയുടെ ഉത്തരവില്‍ പറയുന്നു. ഗഡുക്കളായി ശമ്പളം വാങ്ങാൻ താൽപര്യമില്ലാത്തവര്‍ ഈ മാസം 25ന് മുമ്പ് സമ്മത പത്രം നൽകണമെന്നും ഉത്തരവില്‍ പറയുന്നു.

കെഎസ്ആര്‍ടിസിയിൽ വരുമാനത്തിന് അനുസരിച്ച് ശമ്പളമെന്ന എംഡിയുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാൻ വിളിച്ച തൊഴിലാളി യൂണിയനുകളുടെ യോഗം പരാജയപ്പെട്ടിരുന്നു. ടാര്‍ഗറ്റ് ഏര്‍പ്പെടുത്താനുള്ള ബിജു പ്രഭാകറിന്‍റെ നിര്‍ദ്ദേശം സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി യൂണിയനുകൾ തള്ളി. മറ്റ് സര്‍വീസ് മേഖലകളെ പോലെ കെഎസ്ആര്‍ടിസിയേയും പരിഗണിക്കണമെന്നാണ് ആവശ്യം. ടാർഗറ്റ് നിലപാടിൽ ഉറച്ചുനിന്ന എംഡി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് മറുപടി നൽകി. എന്നാൽ ആലോചിക്കാൻ ഒന്നുമില്ലെന്നായിരുന്നു തൊഴിലാളി യൂണിയനുകളുടെ നിലപാട്.

സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പളം നൽകാനാകില്ലെന്നും ഗാര്‍ഗറ്റ് ഏര്‍പ്പെടുത്താതെ മറ്റ് വഴിയില്ലെന്നുമായിരുന്നു മാനേജ്മെന്‍റ് നിലപാട്. സിംഗിൾ ഡ്യൂട്ടി ലാഭകരമായ റൂട്ടുകളിലേക്ക് പരിമിതപ്പെടുത്തണമെന്നും സിംഗിൾ ഡ്യൂട്ടി ഏര്‍പ്പെടുത്തിയ ഡിപ്പോകളിലെ വരവ് ചെലവ് കണക്കുകൾ പരസ്യപ്പെടുത്തണമെന്നും സിഐടിയു ആവശ്യപ്പെട്ടു. ശമ്പളം കൃത്യമായി നൽകുക, ടാര്‍ഗറ്റ് നിര്‍ദ്ദേശം പിൻവലിക്കുക തുടങ്ങിയ വിഷയങ്ങളിൽ തിരുവനന്തപുരം കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നിൽ ഈ മാസം 28ന്സിഐടിയു സമരം പ്രഖ്യാപിച്ചു

You might also like