ചീഫ് ജസ്റ്റിസിനെ കുടുക്കാനാണ് ലൈംഗികാരോപണം ഉയർത്തിയതെന്ന് ആരോപിച്ച അഭിഭാഷകനെ സുപ്രീംകോടതി നോട്ടീസയച്ചത്.

ദില്ലി സ്വദേശിയായ അഭിഭാഷകൻ ഉത്സവ് ബെയ്ൻസിനാണ് സുപ്രീംകോടതി നോട്ടീസയച്ചത്.

0

ദില്ലി: ചീഫ് ജസ്റ്റിസിനെ കുടുക്കാനാണ് ലൈംഗികാരോപണം ഉയർത്തിയതെന്ന് ആരോപിച്ച അഭിഭാഷകനെ സുപ്രീംകോടതി നാളെ വിളിച്ചു വരുത്തും. ദില്ലി സ്വദേശിയായ അഭിഭാഷകൻ ഉത്സവ് ബെയ്ൻസിനാണ് സുപ്രീംകോടതി നോട്ടീസയച്ചത്. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണം സ്വമേധയാ കേസെടുത്ത് പരിഗണിക്കുന്നത്.

ജെറ്റ് എയർവേയ്‍സിന്ഡറെ ഉടമ നരേഷ് ഗോയലും, വാതുവയ്പ്പുകാരനും ഇടനിലക്കാരനുമായ രൊമേശ് ശർമയുമാണ് ഈ ആരോപണമുന്നയിച്ചതെന്നാണ് ഉത്സവ് ബെയ്ൻസ് ആരോപിച്ചത്. പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്‍സിനെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ അനുകൂല വിധി കിട്ടാനും കടങ്ങൾ എഴുതിത്തള്ളാനുമായി നരേഷ് ഗോയൽ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാൻ ശ്രമിച്ചെന്നായിരുന്നു ഉത്സവ് ബെയ്‍ൻസിന്‍റെ വെളിപ്പെടുത്തൽ. ജെറ്റ് എയർവേയ്‍സിൽ ദാവൂദ് ഇബ്രാഹിമിന് നിക്ഷേപമുണ്ടെന്നും, കോഴ കൊടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഗതി കെട്ട്, ഇത്തരമൊരു വ്യാജ ആരോപണമുന്നയിക്കുകയായിരുന്നെന്നുമാണ് അഭിഭാഷകൻ പറയുന്നത്.

ഇത്തരമൊരു ആരോപണത്തിന്‍റെ തെളിവുകളടക്കം ഹാജരാക്കാനാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ഉത്സവ് ബെയ്‍ൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിധി പറയാൻ പണം നൽകുന്ന ഏർപ്പാട് സുപ്രീംകോടതിയിൽ നിർത്തലാക്കാനായിരുന്നു ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ശ്രമമെന്നും അദ്ദേഹത്തെ തോൽപ്പിക്കാനും സ്ഥാനഭ്രഷ്ഠനാക്കാനും ശ്രമിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഇപ്പോഴത്തെ ആരോപണമെന്നുമാണ് ബെയ്ൻസ് പറയുന്നത്.

യുവതിയുടെ ആരോപണത്തിലെ വസ്തുതാപ്പിഴവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ ഈ കേസിലെ ഇടനിലക്കാരനായ ‘അജയ്’ എന്നയാൾ തന്നെ സമീപിച്ചെന്നും ആരോപണങ്ങൾ പിൻവലിച്ചാൽ 50 ലക്ഷം രൂപ തരാമെന്ന് പറഞ്ഞെന്നും അഭിഭാഷകൻ പറയുന്നു. നിരസിച്ചപ്പോൾ വാഗ്ദാനം ഒന്നരക്കോടിയായി ഉയർന്നു. ‘അജയ്’ പരാതിക്കാരിയുടെ ബന്ധുവാണെന്നും ബെയ്ൻസ് വ്യക്തമാക്കുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ബെയ്‍ൻസിന്‍റെ ആവശ്യം.

You might also like

-