ക്യാപ്റ്റൻ നിലംപരിശായി ,മുഖ്യമന്ത്രി രാജിവെക്കണം കെ.സുധാകരൻ

ഈ തെരഞ്ഞെടുപ്പ് സർക്കാരിന്റെ നിലനിൽപിന് മേൽ ചോദ്യചിഹ്നമാണ്. കോടിയേരി പറഞ്ഞു, മുഹമ്മദ് റിയാസ് പറഞ്ഞു, ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന്. ജനം വിലയിരുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം കോടിയേരിയും റിയാസും പറഞ്ഞതിനോട് എൽഡിഎഫ് യോജിക്കുന്നുണ്ടെങ്കിൽ സർക്കാർ ഒന്നാകെ രാജി വയ്ക്കണം"

0

കണ്ണൂർ | തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ക്യാപ്റ്റൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും ഓരോ കാതം പുറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്ന കാഴ്ചയാണ് തൃക്കാക്കരയിൽ കണ്ടത്.
” ഈ തെരഞ്ഞെടുപ്പ് സർക്കാരിന്റെ നിലനിൽപിന് മേൽ ചോദ്യചിഹ്നമാണ്. കോടിയേരി പറഞ്ഞു, മുഹമ്മദ് റിയാസ് പറഞ്ഞു, ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന്. ജനം വിലയിരുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം കോടിയേരിയും റിയാസും പറഞ്ഞതിനോട് എൽഡിഎഫ് യോജിക്കുന്നുണ്ടെങ്കിൽ സർക്കാർ ഒന്നാകെ രാജി വയ്ക്കണം”. കെ.സുധാകരൻ പറഞ്ഞു

കേരളത്തിന്റെ ജനവികാരമാണ് തൃക്കാക്കരയിൽ ഉണ്ടായത്. ഈ നാട്ടിൽ സിൽവർ ലൈൻ എന്നതിന്റെ പ്രഖ്യാപനമാണ് എറണാകുളത്ത് പ്രതിഫലിച്ചതെന്നും കെ.സുധാകരൻ പറഞ്ഞു. സിൽവർ ലൈനിന്റെ പേരിൽ അമ്മമാരെ നോവിച്ചു, കൊച്ചുകുട്ടികളെ വലിച്ചിഴച്ചു, അത് ജനം മറക്കില്ല. അതാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചത്. ഇത് ഉൾക്കൊണ്ട് തെറ്റ് തിരുത്തണം. ഇനിയെങ്കിലും തെറ്റ് തിരുത്തി മുന്നോട്ടുപോകണം. സർക്കാർ മുന്നോട്ടുവയ്ക്കുന്ന വികസനമല്ല ജനം ആഗ്രഹിക്കുന്നത് എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം എന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.

അന്തസ്സും അഭിമാനവും ഉണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്ക്കണം. മുഖ്യമന്ത്രി ഒരു നിയോജക മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നൽകുന്നത് ഇതിന് മുമ്പ് ഒരു ഉപതെരഞ്ഞെടുപ്പിലും കണ്ടിട്ടില്ല. തെരഞ്ഞെടുപ്പിന്റെ പേരിൽ വൻ ധൂർത്താണ് ഇടതുപക്ഷം നടത്തിയത്. എന്നിട്ടാണ് ദയനീയമായി ഒരു റൗണ്ടിൽ പോലും മുന്നിലെത്താനാകാതെ കനത്ത തോൽവി ഏറ്റുവാങ്ങിയിരിക്കുന്നത്. ദുർബലമായ ഒരു മുന്നണിയുടെ നേതാവായി പിണറായി വിജയൻ മാറുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഈ ജനഹിതത്തോട് മുഖ്യമന്ത്രിയും മുന്നണിയും പ്രതികരിക്കണം. ആ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് കേരളം. തൃക്കാക്കരയിൽ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചു. കണ്ണൂരിൽ നിന്ന് ഇതിനായി ആളുകൾ പോയിട്ടുണ്ട്. കള്ളവോട്ട് ചെയ്തിട്ടും ഇതാണ് തെരഞ്ഞെടുപ്പ് ഫലമെങ്കിൽ അതില്ലായിരുന്നുവെങ്കിൽ സിപിഎമ്മിന്റ നില എന്താകുമായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് ചോദിച്ചു.

കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് ഇനി കേരളം കാണാൻ പോകുകയാണ്. നാടിന്റെ നാനാഭാഗത്ത് നിന്ന് തൃക്കാക്കരയിലേക്ക് കോൺഗ്രസ് പ്രവർത്തകരെത്തി. നേതാക്കൾ വീടുകൾ തോറും കയറി വോട്ട് ഉറപ്പാക്കി. കോൺഗ്രസിന്റെ ഒരു പുതിയ ശൈലിയാണ് തൃക്കാക്കരയിൽ പ്രതിഫലിച്ചതെന്നും കെ.സുധാകരൻ പറഞ്ഞു. ഇതാണ് കോൺഗ്രസിന്റെ മുഖം. ഈ കോൺഗ്രസാണ് വരാൻ പോകുന്ന തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like