കേന്ദ്ര ബജറ്റില്‍ കേരളത്തിന് വന്‍ പ്രഖ്യാപനം.കൊച്ചി മെട്രോ 1957 കോടി,ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് വിഹിതം നീക്കിവച്ചത് മെട്രോ വികസനം ത്വരിതപ്പെടുത്തും. 11.5 കി.മി നിര്‍മ്മാണത്തിന് 1957.05 കോടിയാണ് ബജറ്റില്‍ നീക്കിവച്ചത്.

0

ഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് വന്‍ പ്രഖ്യാപനം. കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.തമിഴ്നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം തുടങ്ങും. കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ നീട്ടും. ഇതിനായി ബജറ്റില്‍ 1957 കോടി അനുവദിച്ചിട്ടുണ്ട്.

675 കി.മി ദേശീയപാതയുടെ നിര്‍മാണത്തിനായി പശ്ചിമ ബംഗാളില്‍ 25,000 കോടി രൂപ അനുവദിച്ചു. കൊല്‍ക്കത്ത-സിലിഗുഡി പാതയുടെ നവീകരണത്തിന് അടക്കമാണ് ഇത്. റോഡ് ഗതാഗത മന്ത്രാലയത്തിന് 1.18 ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് വിഹിതം നീക്കിവച്ചത് മെട്രോ വികസനം ത്വരിതപ്പെടുത്തും. 11.5 കി.മി നിര്‍മ്മാണത്തിന് 1957.05 കോടിയാണ് ബജറ്റില്‍ നീക്കിവച്ചത്. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന് 118.9 കി.മിറ്റര്‍ നിര്‍മ്മാണത്തിന് 63,246 കോടിയും ബെംഗളൂരു മെട്രോ രണ്ടാം ഘട്ടത്തില്‍ 58.19 കി.മി നിര്‍മ്മാണത്തിനായി 14,788 കോടിയും നീക്കിവച്ചു.

നാഗ്പൂര്‍, നാസിക് മെട്രോ വികസനത്തിന് യഥാക്രമം 5979 കോടിയും 2097 കോടിയുമാണ് ബജറ്റ് വിഹിതം. പുതിയ പദ്ധതികളായ മെട്രോ ലൈറ്റ്, മെട്രോ നിയോ നടപ്പാക്കുന്നതിലൂടെ കൂടുതല്‍ സ്ഥലങ്ങളില്‍ മെട്രോ പദ്ധതികള്‍ വരും. റെയില്‍വെക്കായി ബജറ്റില്‍ ആകെ നീക്കിവച്ചത് 1,10,055 കോടി രൂപയാണ്