ജോലിക്ക് കോഴ ! അഖില്‍ മാത്യു നിരപരാധിയാണെന്ന് മന്ത്രിയുടെ പത്തനംതിട്ട ഓഫീസ് സെക്രട്ടറി തോമസ് ചാക്കോ

ഏപ്രിൽ പത്തിന് അഖിൽ മാത്യു പത്തനംതിട്ടയില്‍ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഉച്ചയ്ക്ക് കല്യാണത്തിനും വൈകിട്ട് റിസപ്ഷനിലും അഖിൽ പങ്കെടുത്തിരുന്നുവെന്ന് തോമസ് ചാക്കോ പറഞ്ഞു. മന്ത്രിയും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും തോമസ് ചാക്കോ കൂട്ടിച്ചേര്‍ക്കുന്നു

0

പത്തനംതിട്ട| ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖില്‍ മാത്യു നിരപരാധിയാണെന്ന് മന്ത്രിയുടെ പത്തനംതിട്ട ഓഫീസ് സെക്രട്ടറി തോമസ് ചാക്കോ. കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ദിവസം അഖിൽ മാത്യു തിരുവനന്തപുരത്ത് ഇല്ലായിരുന്നുവെന്നാണ് തോമസ് ചാക്കോവിന്റെ അവകാശവാദം. ഏപ്രിൽ പത്തിന് അഖിൽ മാത്യു പത്തനംതിട്ടയില്‍ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഉച്ചയ്ക്ക് കല്യാണത്തിനും വൈകിട്ട് റിസപ്ഷനിലും അഖിൽ പങ്കെടുത്തിരുന്നുവെന്ന് തോമസ് ചാക്കോ പറഞ്ഞു. മന്ത്രിയും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും തോമസ് ചാക്കോ കൂട്ടിച്ചേര്‍ക്കുന്നു.

അതിനിടെ, മെഡിക്കൽ ഓഫീസർ നിയമന കോഴ ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഇടനിലക്കാരൻ അഖിൽ സജീവ് രംഗത്തെത്തി. അഖിൽ മാത്യുവിന് ഇടപാടിൽ പങ്കില്ലെന്നാണ് ഒളിവിലുള്ള അഖിൽ സജീവിന്റെ വെളിപ്പെടുത്തല്‍. പരാതിക്കാരൻ ഹരിദാസനെ നേരിട്ട് കണ്ടിട്ടില്ലെന്നും അഖിൽ സജീവ് മാധ്യമങ്ങളോട് പറഞ്ഞു. എഐഎസ്എഫ് നേതാവ് ബാസിതും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനുമാണ് നിയമനത്തിൽ ഇടപെട്ടതെന്നാണ് അഖിൽ സജീവിന്‍റെ ആരോപണം. തന്‍റെ അക്കൗണ്ടിലേക്ക് ഹരിദാസൻ അയച്ചുവെന്ന് പറയുന്ന 25,000 രൂപ ലെനിൻ പറഞ്ഞ മറ്റൊരു അക്കൗണ്ടിലേക്ക് തിരിച്ചയച്ചുവെന്നും അഖിൽ സജീവൻ പറഞ്ഞു

അതേസമയം ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയർന്ന സംഭവത്തിൽ, ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് പരാതിക്കാരൻ പറഞ്ഞ അഖിൽ സജീവിനെ തള്ളി സിപിഐഎം. തട്ടിപ്പ് മനസിലായപ്പോൾ പാർട്ടി അഖിൽ സജീവിന്റെ അംഗത്വം പുതുക്കിയില്ല. അഖിൽ ഒളിവില്ലെന്നും കോന്നി ഏരിയ കമ്മിറ്റി അംഗം ആർ മോഹനൻ നായർ പറഞ്ഞു. ഒരു തരത്തിലുള്ള പാർട്ടി സംരക്ഷണവും അഖിൽ സജീവിന് ലഭിക്കില്ല.സജീവമായ പാർട്ടി പ്രവർത്തകനല്ല. വർഷങ്ങൾക്ക് മുമ്പേ അഖിൽ സജീവിനെ നീക്കിയിരുന്നു. ഒരു ഘട്ടത്തിലും അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും ആർ മോഹനൻ നായർ പറഞ്ഞു. ഡിവൈഎഫ്ഐ യുടെ മേഖല പ്രസിഡന്റായിരുന്നു അതിൽ നിന്നും രണ്ട് വർഷം മുന്നേ നീക്കിയിരുന്നുവെന്നും മോഹനൻ നായർ പറഞ്ഞു

You might also like

-