അവകാശമുള്ള ഭൂമി അഭിമാനം,ഇടുക്കിയിൽ ആയിരം പേർക്ക് കുടി പട്ടയം, 

അച്ഛന്റെ കാലം മുതല്‍ പട്ടയത്തിനായി ഓഫീസുകള്‍ കയറിയിറങ്ങിയിരുന്നുവെന്ന് കളപ്പുരയ്ക്കല്‍ സുരേന്ദ്രനും ഭാര്യ ബിന്ദുവും പറഞ്ഞു. പിണറായിവിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മന്ത്രി എം എം മണി മുന്‍കൈയെടുത്താണ് ഇപ്പോള്‍ പട്ടയം കിട്ടാനുള്ള നടപടികള്‍ സ്വീകരിച്ചത്.

0

  ഇടുക്കി :നൂറ്റാണ്ടിനു മുമ്പ് വനഭൂമിയില്‍ അഭയാര്‍ഥികളായി വന്നു വിയര്‍പ്പൊഴുക്കിയ മണ്ണിന്റെ അവകാശത്തിനായി പോരാട്ടം നടത്തി എരിഞ്ഞടങ്ങിയവരുടെ ആത്മാക്കളുറങ്ങുന്ന മണ്ണാണിത്. ജീവിതകാലത്ത് ഒരു പട്ടയത്തിന്റെ പത്രം പോലും കാണാന്‍ അവര്‍ക്കും ഭാഗ്യമുണ്ടായിട്ടില്ല. ഇപ്പോള്‍ കിട്ടുന്ന ഈ പട്ടയം ഒരു നിധിയാണ്- ഉപ്പുകുന്ന് പൊന്തന്‍പ്ലാക്കല്‍ ഉണ്ണികൃഷ്ണന്‍ വികാരാധീനനായി പറഞ്ഞു. ഇടുക്കി ജില്ലയില്‍ സെപ്റ്റംബര്‍ 14ന് ആയിരം പട്ടയം കൂടി കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതിനോടു പ്രതികരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍. കരിമണ്ണൂര്‍ സ്പെഷ്യല്‍ താലൂക്ക് ഓഫീസിനു കീഴില്‍ 130 പട്ടയങ്ങളാണ് കൊടുക്കുന്നത്. മൂന്നു നാലുതലമുറ മുമ്പ് ഉപ്പുകുന്ന് മേഖലയില്‍ വന്നു താമസമാക്കിയവരാണ് ഉണ്ണികൃഷ്ണനെപ്പോലുളളവരുടെ കുടുംബങ്ങള്‍. മഞ്ഞും മഴയും തണുപ്പും ചേര്‍ന്ന സുന്ദര ഭൂമി. സഞ്ചാരികളുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്ന മുറങ്ങെട്ടിപ്പാറയും ഇവിടെയാണ്.
ഗോത്ര വിഭാഗങ്ങളിപ്പെടുന്ന ഇവര്‍ കാലങ്ങളായി സ്വന്തം പട്ടയത്തിനു വേണ്ടി ശ്രമം നടത്തിവരുകയായിരുന്നു. എന്നാല്‍ അതൊന്നും ഫലവത്തായിരുന്നില്ല. ഇപ്പോഴത്തെ തീരുമാനം ഒരു സ്വപ്ന സാക്ഷാത്കാരമാണ്. എല്ലാവരും ആദ്യകാലത്ത് സെന്റുകളില്‍ മാത്രം കഴിഞ്ഞിരുന്നവരാണ്. പട്ടയം ലഭിക്കാത്തതിനാല്‍ സ്വന്തം ഭൂമിയില്‍ കൃഷി ഒഴികെ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. ബാങ്ക് വായ്പ പോലും ലഭിച്ചിരുന്നില്ല. വീട് ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തടസം നേരിട്ടു. കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തുവിടാനും സാധിച്ചില്ലെന്നു ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഉണ്ണികൃഷ്ണനും സഹോദരന്‍ രാജനും കൃഷിക്കാരാണ്. കപ്പ, വാഴ, കുരുമുളക്, കൊക്കൊ തുടങ്ങിയവയാണ് പ്രധാന കൃഷി. ഒപ്പം പശുവളര്‍ത്തലും.
അച്ഛന്റെ കാലം മുതല്‍ പട്ടയത്തിനായി ഓഫീസുകള്‍ കയറിയിറങ്ങിയിരുന്നുവെന്ന് കളപ്പുരയ്ക്കല്‍ സുരേന്ദ്രനും ഭാര്യ ബിന്ദുവും പറഞ്ഞു. പിണറായിവിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മന്ത്രി എം എം മണി മുന്‍കൈയെടുത്താണ് ഇപ്പോള്‍ പട്ടയം കിട്ടാനുള്ള നടപടികള്‍ സ്വീകരിച്ചത്. ജില്ലാ കളക്ടര്‍ എച്ച് ദിനേശന് എത്ര നന്ദി പറഞ്ഞാലും മതിവരില്ലെന്നു ബിന്ദു പറഞ്ഞു. കളക്ടറെ നേരിട്ട് ബിന്ദു നന്ദി അറിയിക്കുകയും ചെയ്തു. അവകാശമുള്ള ഭൂമിയില്‍ താമസിക്കുമ്പോഴുള്ള അഭിമാനം ഒന്നു വേറെയാണ്. ആദ്യ കാലത്ത് വഴിയും സൗകര്യങ്ങളുമൊന്നുമില്ലാതിരുന്ന കാലത്ത് വന്യമൃഗ ഭീഷണി വകവയ്ക്കാതെയാണ് വീട്ടുസാധനങ്ങളും മറ്റും കൊണ്ടുവന്നിരുന്നത്. ഇപ്പോള്‍ 35 സെന്റിനാണ് പട്ടയം ലഭിക്കുന്നത്. കൃഷിയൊടൊപ്പം പശുവളര്‍ത്തിയാണ് വരുമാനം സമ്പാദിക്കുന്നത്. അനുജന്‍ ഗോപി ഭാര്യ ഷീബ. ഇവരുടെ 85 സെന്റിനാണ് പട്ടയം കിട്ടുന്നത്. ഇവരെക്കൂടാതെ ചൊക്കല്ലില്‍ സജീവ് ഭാര്യ രാജമ്മ, വെങ്ങോലയില്‍ ഗോപകുമാര്‍ ഭാര്യ രാജിമോള്‍, പൊന്തന്‍പ്ലാക്കല്‍ അനന്തന്‍- ടിജി ദമ്പതികള്‍, രാജന്‍- സുനിത ദമ്പതികള്‍ തുടങ്ങിയവരൊക്കെ പട്ടയം ലഭിക്കുന്ന കുടുംബങ്ങളെന്ന നിലയില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്. പൂര്‍വികരുടെ ആഗ്രഹ പൂര്‍ത്തീകരണമാണിതെന്ന് അവര്‍ പറഞ്ഞു.

ഉപ്പുകുന്ന് മേഖലയിലെ മുപ്പതോളം കുടുംബങ്ങള്‍ക്കാണ് പുതുതായി പട്ടയം ലഭിക്കുന്നത്. നൂറോളം കുടുംബങ്ങള്‍ ഊരിലുണ്ട്. മറ്റുള്ളവര്‍ക്കു പട്ടയം കൊടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സര്‍വെ ആരംഭിച്ചതായി സ്പെഷ്യല്‍ തഹസില്‍ദാര്‍ ജോസ് കെ. ജോസ് പറഞ്ഞു. പുതുതായി പട്ടയം കൊടുക്കന്നുതിനായി കരിമണ്ണൂരിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസില്‍ ഒഴിവുദിനങ്ങള്‍ പോലും മാറ്റിവെച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ജോലി ചെയ്തുവരുകയാണ്.
1950 കളില്‍ ഗ്രോ മോര്‍ ഫുഡ് പദ്ധതിയുടെ ഭാഗമായി കുടിയേറ്റ കര്‍ഷകര്‍ക്കായി 1964ലെ ഭൂമി പതിവ് ചട്ടപ്രകാരവും പിന്നീടുണ്ടായ 1993 ലെ വനഭൂമി കുടിയേറ്റ ക്രമീകരണ നയങ്ങള്‍ പ്രകാരവും പട്ടയം നല്കിയിരുന്നു.
1993 ലെ നിയമപ്രകാരം വനം വകുപ്പും റവന്യു വകുപ്പും സംയുക്തമായി തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ തൊടുപുഴ താലൂക്കിലെ വനമേഖലയോട് ചേര്‍ന്നതും ജണ്ടയ്ക്ക് പുറത്തുള്ളതുമായ കുടുംബങ്ങള്‍ക്ക് നിയമ ഭേദഗതി വരുത്തി റവന്യുഭൂമിയായി കൈമാറ്റപ്പെട്ട മുഴുവന്‍ ഭൂമിയ്ക്കും പട്ടയം നല്കാന്‍ തീരുമാനമായിട്ടുണ്ടെന്നു തഹസില്‍ദാര്‍ പറഞ്ഞു.
സംയുക്ത പട്ടയ ലിസ്റ്റില്‍ നിന്നും ഒഴിവായി പോയ പെരിങ്ങാശ്ശേരി, മൂലക്കാട്, ഉപ്പുകുന്ന്, ആള്‍ക്കല്ല്, വെള്ളിയാനി, കട്ടിക്കയം തുടങ്ങിയ പ്രദേശങ്ങളില്‍ കുടിയേറിയ പൊതു വിഭാഗത്തിനും പട്ടയം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഈ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ ഫലമായിട്ടാണ് കരിമണ്ണൂര്‍ എല്‍.എ ഓഫീസ് പരിധിയില്‍പെട്ട 130 പേര്‍ക്ക് ഇപ്പോള്‍ പട്ടയംവിതരണം ചെയ്യുന്നത്.

You might also like

-