ബിനീഷ് കൊടിയേരിക്ക് ബംഗളൂരുവില്‍ മണി എക്‌സ്‌ചേഞ്ച് കമ്പനി അന്വേഷണം വേണം പി.കെ.ഫിറോസ്

2018 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച യുഎഫ്എക്‌സ് സൊലൂഷന്‍സ് എന്ന കമ്പനിയുടെ മൂന്ന് ഡയറക്ടര്‍മാരിലൊരാള്‍ ബിനീഷ് കൊടിയേരിയുടെ ബിനാമിയാണെന്നും ഫിറോസ് ആരോപിച്ചു

0

കോഴിക്കോട്: ബിനീഷ് കൊടിയേരിക്ക് എതിരേ ആരോപണവുമായി വീണ്ടും യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. ബിനീഷ് കൊടിയേരി ബംഗളൂരുവില്‍ മണി എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിച്ചുവെന്ന് പി.കെ.ഫിറോസ് ആരോപിച്ചു. ബംഗളൂരുവില്‍ 2015ല്‍ ആരംഭിച്ച കമ്പനിയുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2015 ല്‍ ബിജെപി അധികാരത്തിലിരിക്കുമ്പോളാണ് ബിനീഷിന് ലൈസൻസ് ലഭിച്ചത്. ഒരു മണി എക്‌ചേഞ്ച് കമ്പനി ആരംഭിക്കാന്‍ ലൈസന്‍സ് എളുപ്പത്തില്‍ ലഭിക്കില്ല. ഒരു സിപിഎം നേതാവിന്റെ മകന് എങ്ങനെയാണ് ഇത്തരത്തില്‍ ലൈസന്‍സ് ലഭിച്ചതെന്ന് അന്വേഷിക്കണം. കമ്പനിയില്‍ എന്തായിരുന്നു ഇടപാടെന്നും ഏതെല്ലാം വിദേശ കറന്‍സികളിലാണ് ഇടപാട് നടന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

മയക്കുമരുന്ന് കേസിലെ പ്രതികള്‍ ഇടപാടുകള്‍ നടത്തിയിരുന്നത് ഗോവയിലാണെന്ന് മൊഴിനല്‍കിയിരുന്നു. ഗോവയില്‍ വിദേശികളുമായാണ് അവര്‍ ഇടപാടുകള്‍ നടത്തുന്നതെന്നും അവര്‍ മയക്കുമരുന്ന് വാങ്ങുന്നത് അവരുടെ കറന്‍സിയിലാണെന്നും ഫിറോസ് പറഞ്ഞു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിദേശ കറന്‍സി ഇടപാടുകള്‍ നടത്താനാണോ ബിനീഷ് കൊടിയേരി മണി എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിച്ചതെന്ന് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

2018 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച യുഎഫ്എക്‌സ് സൊലൂഷന്‍സ് എന്ന കമ്പനിയുടെ മൂന്ന് ഡയറക്ടര്‍മാരിലൊരാള്‍ ബിനീഷ് കൊടിയേരിയുടെ ബിനാമിയാണെന്നും ഫിറോസ് ആരോപിച്ചു. സ്വപ്‌ന സുരേഷ് ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്ന കമ്പനിയാണ് യുഎഫ്എക്‌സ് സൊലൂഷന്‍സെന്നും.യുഎഫ്എക്‌സ് സൊലൂഷന്‍സും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി നിന്നത് ബിനീഷ് കൊടിയേരിയാണോ എന്നും പി.കെ.ഫിറോസ് ചോദിച്ചു.