കൊളംബോ സ്ഫോടനത്തിൽ 215 മരണം; ശ്രീലങ്കയിൽ അതീവജാഗ്രത

നാല് ഇന്ത്യക്കാർ അടക്കം സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണ 215 ആയി

0

കൊളംബോ: സ്ഫോടനപരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിൽ അതീവജാഗ്രത തുടരുന്നു. ആക്രമണം തടയുന്നതിൽ വീഴ്ച ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിങ്കേ വ്യക്തമാക്കി. അതേസമയം, നാല് ഇന്ത്യക്കാർ അടക്കം സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണ 215 ആയി.സ്ഫോടനം നടന്നയിടങ്ങൾക്ക് പുറമേ മറ്റു ചില കേന്ദ്രങ്ങൾ കൂടി തീവ്രവാദികൾ ലക്ഷ്യമിട്ടതായാണ് വിവരം.

കൊളംബോയിലെ  രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലും, കൊളംബോ തുറമുഖത്തും സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു. തുറമുഖത്തിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുകളും സൈന്യം പിടിച്ചെടുത്തു.രാജ്യത്ത് ഉടനീളം കനത്ത സുരക്ഷ തുടരുകയാണ്. നിരോധനാജ്ഞയും സാമൂഹ്യമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

ആക്രമണം തടയുന്നതിൽ പെലീസിനും സേനക്കും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിങ്കേ പറഞ്ഞു. നിലവിലെ സാഹചര്യങ്ങളെ ശ്രീലങ്കൻ ജനത ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വിവിധയിടങ്ങളിലായി നടന്ന സ്ഫോടനങ്ങളിൽ ഇതുവരെ 215 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 36 പേർ വിദേശികളാണ്. മരിച്ച നാല് ഇന്ത്യക്കാരിൽ കാസർകോട് സ്വദേശിനിയായ പി.എസ് റസീനയും ഉൾപ്പെടും. സ്‌ഫോടനത്തില്‍ മരിച്ച ഇവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം തുടങ്ങി.

അഞ്ഞൂറോളം ആളുകളാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ആക്രമണത്തിൽ ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും നടുക്കം രേഖപ്പെടുത്തി. ഈസ്റ്റർ ദിനത്തിലാണ് പ്രശസ്തമായ നെഗോമ്പോ സെൻ സെബാസ്റ്റിയൻ പള്ളി, കൊളംബോ സെന്‍റ് ആന്‍റണീസ് പള്ളി, മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവിടങ്ങളിലായി എട്ട് സ്ഫോടനങ്ങളുണ്ടായത്.