ബെംഗളൂരു മയക്കുമരുന്ന്  ദീപിക അടക്കം 4 നടിമാരെ ചോദ്യം ചെയ്യും

സുശാന്തിനൊപ്പം പലമുന്‍നിര താരങ്ങളും ലഹരിമരുന്ന് നിരന്തരം ഉപയോഗിച്ചതായി കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെയും മൊഴിയുണ്ട്.

0

ബെംഗളൂരു :ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്ന ലഹരിമരുന്ന് കേസില്‍ സൂപ്പര്‍താരം ദീപിക പദുക്കോണിനെ ചോദ്യം ചെയ്യും. മുന്‍നിരനടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവര്‍ക്കും എന്‍സിബി സമന്‍സ് അയച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുകളിലും നേരത്തെ അറസ്റ്റിലായവരുടെ മൊഴികളിലും നടിമാരുടെ പേരുണ്ടെന്നാണ് സൂചന.ബോളിവുഡിലെ മുന്‍നിര താരങ്ങളിലേക്ക് ആദ്യമായാണ് അന്വേഷണം നീങ്ങുന്നത്. ടാലന്റ് മാനേജ്‌മെന്റ് കമ്പനിയായ ക്വാനിലെ സെലിബ്രിറ്റി മാനേജര്‍മാരുടെ വാട്‌സാപ്പ് ചാറ്റുകളിലാണ് ലഹരിയുമായി ബന്ധപ്പെട്ട് നടിമാരുടെ പേരുള്ളതായി വിവരം. ദീപികയുടെ മാനേജറായി പ്രവര്‍ത്തിച്ചിരുന്ന കരീഷ്മ പ്രകാശിനോട് നടി ലഹരിമരുന്ന് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ മുംബൈയിലെ പ്രധാനനിശാ ക്ലബില്‍ നടന്ന പാര്‍ട്ടിയില്‍ പലതാരങ്ങളും ലഹരി ഉപയോഗിച്ചിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.

സുശാന്തിനൊപ്പം പലമുന്‍നിര താരങ്ങളും ലഹരിമരുന്ന് നിരന്തരം ഉപയോഗിച്ചതായി കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെയും മൊഴിയുണ്ട്. മറ്റൊരു സെലിബ്രിറ്റി മാനേജറായ ജയ സാഹയുടെ വാട്‌സാപ്പ് ചാറ്റുകളാണ് ശ്രദ്ധാ കപൂറിലേക്കും സാറാ അലി ഖാനിലേക്കും രാകുല്‍ പ്രീത് സിങ്ങിലേക്കും വിരല്‍ചൂണ്ടുന്നത്. സുശാന്തുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്ന നടിമാരാണ് ശ്രദ്ധയും സാറയും.
മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജാരാകാനാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയിരിക്കുന്ന സമന്‍സിലുള്ളത്. ദീപിക അഭിഭാഷകരുമായി സംസാരിച്ചു. 25ന് ദീപികയും 26ന് മറ്റ് നടിമാരും ഹാജരായേക്കും. പുണെയ്ക്ക് സമീപം ലോണാവാലയിലുള്ള സുശാന്തിന്റെ ഫാംഹൗസില്‍ നടന്നുവെന്ന് പറയപ്പെടുന്ന ലഹരിപാര്‍ട്ടിയിലും അന്വേഷണസംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.