ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന് ഊഷ്മള സ്വീകരണം.

ഇന്ത്യന്‍ സംസ്കാരവും, പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

0

മില്‍പിറ്റസ് (കാലിഫോര്‍ണിയ): വെസ്റ്റ് കോസ്റ്റ് കോണ്‍സല്‍ ജനറലായി ചുമതലയേല്‍ക്കുന്നതിന് സലലിഫോര്‍ണിയായില്‍ എത്തിച്ചേര്‍ന്ന അംബാസിഡര്‍ സഞ്ജയ് പാണ്ഡെക്ക് ഇന്തോ അമേരിക്കന്‍ അസോസിയേഷന്‍ ഡിസംബര്‍ 15 നു ഊഷ്മള സ്വീകരണം നല്‍കി.

സാന്‍ഫ്രാന്‍സിസ്‌ക്കൊ ബെ ഏരിയ സിലിക്കണ്‍വാലി ഫാല്‍ക്കണ്‍ എക്‌സ് ഇവന്റ് സെന്ററില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ മുപ്പതോളം അസോസിയേഷനുകളെ പ്രതിനിധീകരിച്ചു 150 പ്രതിനിധികള്‍ പങ്കെടുത്തു.

ദേശീയ ഗാനാലാപനത്തോടെ സമ്മേളന പരിപാടികള്‍ ആരംഭിച്ചു. സഞ്ജയ് പാണ്ഡെ, ഭാര്യ മിനാട്ടി എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു സംഘടനാ നേതാക്കള്‍ പുതിയതായി ചുമതലയേറ്റ കോണ്‍സുല്‍ ജനറലിനെ ഹാരവും, ഷാളും അണിയിച്ചു.

സംഘടനാ നേതാക്കളുമായി വേദി പങ്കിടുന്നതിനും ആശയ സംവാദം നടത്തുന്നതിനും ലഭിച്ച അവസരത്തിനായി പാണ്ഡെ പ്രത്യേകം നന്ദി പറഞ്ഞു. ഇന്ത്യന്‍ സമ്പദ്ഘടനയേയും, അമേരിക്കന്‍ വികസനത്തേയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യന്‍ വംശജര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് പാണ്ഡെ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സംസ്കാരവും, പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇത്രയും സംഘടനകള്‍ ഒരുമിച്ചു ഒരു വേദിയില്‍ വന്നതു തന്നെ നിങ്ങളിലുള്ള ഐക്യം പ്രകടിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ ദൃശ്യ– അച്ചടി മാധ്യമങ്ങള്‍ സ്വീകരണ സമ്മേളനത്തിന് എത്തിചേര്‍ന്നിരുന്നു.