കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; വൈകാരിക പ്രതികരണവുമായി മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്

ഹിള കോണ്‍ഗ്രസ് അധ്യക്ഷ പദവി ലതിക സുഭാഷ് രാജിവെച്ചു

0

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മഹിള കോണ്‍ഗ്രസ് അധ്യക്ഷ പദവി ലതിക സുഭാഷ് രാജിവെച്ചു. കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു ലതിക.

വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കെ.പി.സി.സി ഓഫീസ് പരിസരം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഒരു സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ ആരെങ്കിലും തല മുണ്ഡനം ചെയ്യുമോയെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ലതികയെ പരിഗണിക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ് പ്രതികരിച്ചു.

സ്ഥാനാര്‍ത്ഥി പട്ടികയിൽ ഏറെ ദുഖമുണ്ടെന്ന് ലതികാ സുഭാഷ് പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി അലഞ്ഞ സ്ത്രീകളെ എല്ലാം അവഗണിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ കരയേണ്ടി വന്നു കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് സീറ്റ് കിട്ടാൻ എന്നും ലതികാ സുഭാഷ് പറഞ്ഞു. ആരോടുമുള്ള പോരല്ല പ്രതിഷേധം. മറ്റൊരു പാര്‍ട്ടിയിലും പോകാൻ ഉദ്ദേശിക്കുന്നില്ല. മറ്റ് കാര്യങ്ങളെ കുറിച്ച് അടുപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം തീരുമാനിക്കും.

മാധ്യമങ്ങൾക്ക് മുന്നിൽ തല മുണ്ഡനം ചെയ്താണ് ലതികാ സുഭാഷ് പ്രതിഷേധം പ്രകടിപ്പിച്ചത്.  പിണറായി മോദി സര്‍ക്കാരിന്‍റെ സ്ത്രീ വരുദ്ധ നയങ്ങൾക്കെതിര ഒരു പകുതിയും സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന കോൺഗ്രസ് നയത്തിനെതിരെ മറുപകുതിയും തലമുണ്ഡനം ചെയ്യുന്നു എന്നും തിരുത്തൽ ശക്തിയായി എന്നും ജനങ്ങൾക്ക് ഇടയിൽ ഉണ്ടാകുമെന്നുമാണ് ലതികാ സുഭാഷിന്‍റെ പ്രതികരണം.

അനുനയിപ്പിക്കാനെത്തിയ എംഎം ഹസ്സനോട് 15 വയസ്സുള്ള കുട്ടിയല്ലല്ലോ എന്ന ചോദ്യമാണ് ലതികാ സുഭാഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഏറ്റുമാനൂര്‍ സീറ്റ് എവിടെ എന്ന് ചോദിച്ച ലതികാ സുഭാഷ്, ഉച്ച വരെ വൈപ്പിനിൽ മത്സരിക്കാനായേക്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അതും ഉണ്ടായില്ല. നാട്ടിലേക്ക് പോകുകയാണ്. ഒപ്പം നിൽക്കുന്ന സാധാരണ പ്രവര്‍ത്തകരുടെ അഭിപ്രായം അറിഞ്ഞ ശേഷം അവരുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും. യുഡിഎഫ് കൺവീനറുടെ കാല് തൊട്ട് വന്ദിക്കുകയും ചെയ്തു.

നാൽപത് വര്‍ഷമായി നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്നതാണ് മൂവര്‍ണക്കൊടിയെന്ന് ലതികാ സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.  പാര്‍ട്ടി പെറ്റമ്മയെ പോലെയാണ്. അത് അപമാനിക്കപ്പെടരുതെന്നാണ് ആഗ്രഹം. സമയവും കാലവും ഇല്ലാതെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. വനിത എന്ന പരിമിതി എവിടെയും തസമായിട്ടില്ല. പറഞ്ഞിട്ടുമില്ല. മഹിളാ കോൺഗ്രസ് അധ്യക്ഷക്ക് എന്തുകൊണ്ട് സീറ്റ് നിഷേധിക്കുന്നു എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. 20 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പോലും കഴിഞ്ഞിട്ടില്ലെന്നും ലതികാ സുഭാഷ് പറയുന്നു.

You might also like

-