ലോകത്തെ അഭിസംബോധന ചെയ്യണം യു എൻ നു മുന്നിൽ താലിബാൻ

തിങ്കളാഴ്ച അവസാനിക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നത തല യോഗത്തിൽ ലോക നേതാക്കളോട് സംസാരിക്കണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്

0

ന്യൂയോർക്ക് : അഫ്ഗാനിലെ പ്രതിനിധിക്ക് യുഎൻ അംഗരാജ്യങ്ങളെ അഭിസംബോധന ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവുമായി താലിബാൻ. താലിബാന്റെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന വക്താവ് സുഹൈൽ ഷഹീന് ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഫ്ഗാനിലെ പ്രശ്‌നങ്ങൾ തുറന്നുപറയാൻ അവസരം നൽകണമെന്നാണ് താലിബാൻ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് താലിബാന്റെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുട്ടാഖി യുഎൻ മേധാവി അന്റോണിയോ ഗുട്ടേറസിന് കത്ത് നൽകി.

തിങ്കളാഴ്ച അവസാനിക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നത തല യോഗത്തിൽ ലോക നേതാക്കളോട് സംസാരിക്കണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ അഫ്ഗാൻ പ്രതിനിധിയായി ഐക്യരാഷ്‌ട്ര സഭയിലുള്ളത് ഗുലാം ഇസാക്‌സായി ആണ്. എന്നാൽ ഇസാക്‌സായിയെ താലിബാന്റെ പ്രതിനിധിയായി അംഗീകരിക്കാൻ സാധിക്കില്ലെന്ന് യുഎന്നിന് താലിബാൻ നൽകിയ കത്തിൽ പറയുന്നു. അഷറഫ് ഗാനി സർക്കാർ കാലത്ത് നിയമിച്ച ഇസാക്‌സായിയെ സ്ഥാനത്ത് നിന്നും നീക്കാൻ വേണ്ടിയാണ് താലിബാൻ ആവശ്യം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ താലിബാൻ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് വരെ യുഎന്നിലെ അഫ്ഗാൻ അംബാസഡറായി ഇസാക്‌സായി തുടരാനും തീരുമാനമായി. സെപ്റ്റംബർ 27 ന് അവസാനിക്കുന്ന യോഗത്തിൽ അദ്ദേഹം ലോക നേതാക്കളെ അഭിസംബോധന ചെയ്യും. താലിബാന്റെ അപേക്ഷ ഏതെങ്കിലും ലോകരാജ്യങ്ങൾ അംഗീകരിക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. എന്നാൽ ഈ വിഷയം തിങ്കളാഴ്ചയ്‌ക്ക് മുൻപ് അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

You might also like

-