അടൂരില്‍ രണ്ടായിരം വര്‍ഷമുള്ള മുനിയറയില്‍ ആർക്കിയോളജി വിഭാഗത്തിന്റെ ഉത്ഖനനം

മഹാശില യുഗത്തിൽ നിർമ്മിച്ച ഈ മുനിയറകൾ മരിച്ചു പോയവരുടെ ഓർമ്മയ്ക്കായുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന കല്ലറകളാണ്.പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഇളമണ്ണൂരില്‍ മുനിയറകളുണ്ടെന്ന് നേരത്തെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു

0

അടൂർ :രണ്ടായിരം വർഷം പഴക്കമുള്ള പത്തനംതിട്ട ഏനാദിമംഗലത്തെ മുനിയറയിൽ ഉത്ഖനനം നടത്തുകയാണ് കാര്യവട്ടം കാമ്പസിലെ ആർക്കിയോളജി വിഭാഗത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. മഹാശില യുഗത്തിൽ നിർമ്മിച്ച ഈ മുനിയറകൾ മരിച്ചു പോയവരുടെ ഓർമ്മയ്ക്കായുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന കല്ലറകളാണ്.പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഇളമണ്ണൂരില്‍ മുനിയറകളുണ്ടെന്ന് നേരത്തെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. കേരള സര്‍വകലാശാലയുടെ പുരാവസ്തു വകുപ്പ് നടത്തിയ ഉത്ഖനനത്തില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ളവയാണ് ഇതെന്ന് വ്യക്തമായി. നാലു വശവും നീളമുള്ള പാറകൊണ്ട് നിര്‍മ്മിച്ച രണ്ട് മുനിയറയാണ് കണ്ടെത്തിയിട്ടുള്ളത്. മഹാ ശിലായുഗത്ത് നിർമ്മിച്ച ഒറ്റയറകളുള്ള കല്ലറകളാണ് മുനി അറ എന്നറിയപ്പെടുന്നത്.

ശാസ്ത്രീയമായ പഠനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത്. ഓരോ നിശ്ചിത ദൂരം ഖനനം നടക്കുമ്പോഴും മണ്ണ് ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. മൺകലങ്ങളുടെ അവശിഷ്ടങ്ങളും ഉൾ ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഹരി നാരായണൻ്റെ ബിരുദാനന്തര ബിരുദ ഗവേഷണ പ്രബന്ധം ഏനാദിമംഗലത്തെ പൈതൃക വസ്തുക്കളെ പറ്റിയുള്ളതായിരുന്നു.ഈ പഠനത്തിനെ ആധാരമാക്കിയാണ് കേരള സർവകലാശാലയിലെ പുരാവസ്തു വകുപ്പ് ഇപ്പോൾ കൂടുതൽ പരിശോധനകൾ നടത്തുന്നത്.