15 വര്‍ഷമായി അച്ഛന്‍ ബലാത്സംഗം ചെയ്യുന്നുവെന്ന പരാതിയുമായി 22കാരിയായ യുവതി പൊലീസില്‍.

അമ്മയുടെ അനുവാദത്തോടെയായിരുന്നു പീഡനമെന്നും പലപ്പോഴും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അമ്മയാണ് അച്ഛന് നല്‍കിയിരുന്നതെന്നും പരാതിയില്‍ പറയുന്നു.

0

ലക്നൗ: കഴിഞ്ഞ 15 വര്‍ഷമായി അച്ഛന്‍ ബലാത്സംഗം ചെയ്യുന്നുവെന്ന പരാതിയുമായി 22കാരിയായ യുവതി പൊലീസില്‍. ലക്നൗക്ക് സമീപത്തെ ചിന്‍ഹാട്ട് സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അമ്മയുടെ അനുവാദത്തോടെയായിരുന്നു പീഡനമെന്നും പലപ്പോഴും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അമ്മയാണ് അച്ഛന് നല്‍കിയിരുന്നതെന്നും പരാതിയില്‍ പറയുന്നു. തന്‍റെ ഇളയ സഹോദരിയെയും പീഡിപ്പിച്ചതോടെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്.

44കാരനായ പിതാവിനെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പെണ്‍കുട്ടികളുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനും സഹായിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടികളുടെ അച്ഛന്‍ ഒളിവിലാണ്. പെണ്‍കുട്ടികള്‍ മജിസ്ട്രറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി. മൂത്ത പെണ്‍കുട്ടി എന്‍ജിഒയെ സമീപിച്ചതിനെ തുടര്‍ന്ന് പൊലീസിന്‍റെ സഹായത്തോടെയാണ് പെണ്‍കുട്ടികളെ വീട്ടില്‍നിന്ന് രക്ഷപ്പെടുത്തിയത്. ഇവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.

തന്നെ ആറാം വയസ്സുമുതല്‍ അച്ഛന്‍ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി എന്‍ജിഒ അംഗങ്ങളോട് പറഞ്ഞു. അമ്മയാണ് എല്ലാ സഹായങ്ങളും നല്‍കുക. ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളികയും ഗര്‍ഭനിരോധന ഉറയും നല്‍കും. എന്‍റെ വിധിയാണെന്ന് കരുതി ഞാന്‍ സഹിച്ചു. എന്നാല്‍, അനിയത്തിയെയും പീഡിപ്പിക്കാന്‍ തുടങ്ങിയത് എനിക്ക് സഹിച്ചില്ല. ഈയടുത്ത കാലത്തായി അയാളുടെ സ്വഭാവത്തില്‍ ആക്രമണ ത്വര കൂടി. ലൈംഗിക ചുവയോടെ ഞങ്ങള്‍ക്ക് കത്തെഴുതും. ബന്ധുക്കള്‍ക്കും രണ്ട് സഹോദരന്മാര്‍ക്കും സംഭവം അറിയാം. പക്ഷേ ആരും അയാളെ എതിര്‍ക്കില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.