ഇസ്രോയേലില്‍ കാര്‍ഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി.

ബിജുവിന്റെ വിസ റദ്ദാക്കി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് എംബസി വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയത്

0

ജറുസലേം | ഇസ്രോയേലില്‍ കാര്‍ഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്ന മലയാളികളുണ്ടെങ്കിൽ അവർക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. ഇത്തരത്തിൽ സഹായിക്കുന്നവർ ഉണ്ടെങ്കിൽ ഇതിൽ നിന്ന് പിന്മാറണമെന്നും മറിച്ചാണെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് എംബസി അറിയിച്ചു.നിലവില്‍ കീഴടങ്ങുന്നവര്‍ക്ക് കുഴപ്പങ്ങളൊന്നുമുണ്ടാകില്ല. ബിജുവിന് ഇസ്രായേലില്‍ വലിയ ഭാവി ഇനിയണ്ടാവിെല്ലെന്നും എംബസി വ്യക്തമാക്കി. ബിജുവിന്റെ വിസ റദ്ദാക്കി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് എംബസി വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. വിസ കാലാവധി കഴിഞ്ഞും ഇസ്രായേലില്‍ നില്‍ക്കുകയാണെങ്കില്‍ വലിയ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ബിജുവിനെ സംരക്ഷിക്കുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എംബസി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വിസയുടെ കാലാവധി തീരുന്നതിനു മുമ്പ് നാട്ടിലേക്ക് എത്തിയാല്‍ ഇസ്രായേല്‍ നിയമനടപടികള്‍ നേരിടേണ്ടി വരില്ലെന്നും എംബസി അറിയിച്ചു.

ആധുനിക കൃഷിരീതി പരിശീലനത്തിനായി കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ് ഫെബ്രുവരി 12 ന് ഇസ്രായേലിലേക്ക് പോയിരുന്നത്. തുടര്‍ന്ന് കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ ഇസ്രായേല്‍ ഹെര്‍സ്‌ലിയയിലെ ഹോട്ടലില്‍ നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബിജു കുര്യന്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ബിജുവിന്റെ വിസയ്ക്ക് മെയ് എട്ട് വരെ കാലാവധിയുണ്ട്. എന്നാല്‍ ഇയാള്‍ സംഘത്തില്‍ നിന്ന് മുങ്ങിയതിനെതിരെ സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്. വിമാന ടിക്കറ്റിന് ഇസ്രായേലിലേക്കും തിരിച്ചും 55,000 രൂപ മുടക്കിയാണ് ബിജു ആധുനിക കൃഷി രീതി പഠിക്കാനായി പുറപ്പെട്ടത്. യാത്രയിലും സന്ദര്‍ശനത്തിനിടയിലും ബിജു ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്ന കര്‍ഷകര്‍ നൽകിയ വിവരം.

You might also like

-