തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനുള്ള ഇ ഡി നീക്കത്തിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ഇ ഡി സമൻസിലെ തുടർ നടപടികൾ വിലക്കി.

കിഫ്ബിക്കെതിരായ ഇ ഡി നീക്കത്തിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്.തോമസ് ഐസക്കിനെ വിളിച്ചു വരുത്താനോ ചോദ്യം ചെയ്യാനോ അന്തിമ ഉത്തരവ് വരെ ഇ ഡി ക്ക് കഴിയില്ല.

0

കൊച്ചി | മുൻമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനുള്ള ഇ ഡി നീക്കത്തിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ഇ ഡി സമൻസിലെ തുടർ നടപടികൾ ജസ്റ്റിസ് വി ജി അരുൺ അദ്ധ്യക്ഷനായ ബഞ്ച് വിലക്കി. തോമസ് ഐസക്കിൻ്റെ വാദം അംഗീകരിച്ച കോടതി റിസർവ്വ്ബാങ്കിനെ കേസിൽ കക്ഷി ചേർത്തു.രണ്ട് മാസത്തേക്ക് തുടർനടപടികൾ കോടതി തടഞ്ഞു. ഇ ഡി തുടർ സമൻസുകൾ അയക്കുന്നതും കോടതി വിലക്കി. അടുത്ത മാസം 5 ന് കേസ് വീണ്ടും പരിഗണിക്കും.ഇ ഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബി യും സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഇ ഡി സമൻസ് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. രണ്ട് മാസത്തേക്ക് ഇ ഡി തുടർസമൻസുകൾ അയക്കുന്നതും വിലക്കിയിട്ടുണ്ട്. എന്നാൽ അന്വേഷണം തുടരുന്നതിന് ഇ ഡിക്ക് തടസ്സമില്ല.മസാല ബോണ്ടിന് റിസർവ്വ് ബാങ്കിൻ്റെ അനുമതിയുണ്ടെന്ന തോമസ് ഐസക്കിൻ്റെ വാദം കോടതി മുഖവിലക്കെടുത്തു. റിസർവ്വ് ബാങ്കിൽ നിന്നും നിലപാട് തേടിയ കോടതി കേസിൽ റിസർവ്വ് ബാങ്കിനെ കക്ഷിചേർത്തു. റിസർവ്വ് ബാങ്കിന് കോടതി നോട്ടീസയച്ചു. മസാല ബോണ്ടിൽ കിഫ്ബി ഫെമാ നിയമം ലംഘിച്ചോ എന്ന് പരിശോധിക്കാനുള്ള അധികാരം ഇ ഡി ക്കല്ല , റിസർവ്വ് ബാങ്കിനാണ് എന്നായിരുന്നു തോമസ് ഐസക്കിൻ്റെ വാദം. ഇ ഡി നടപടി നിയമവിരുദ്ധമാണെന്നും തോമസ് ഐസക്ക് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 

അതേസമയം വിധി സ്വാഗതാർഹമാണെന്നും കോടതിയോട് ആവശ്യപ്പെട്ടത് ലഭിച്ചെന്നും മുൻ ധനമന്ത്രി തോമസ് ഐസക്ക്പറഞ്ഞു. ഇഡി അന്വേഷണത്തെയല്ല എതിർത്തത്. സമൻസ് വിവരം ചോർത്തിയതിനെതിരെയാണ് കോടതിയെ സമീപിച്ചത്. വിദേശ വിനിമയ നിയമനം ലംഘിച്ചെന്നതിൽ ഇ ഡി രണ്ട് വർഷമായി അന്വേഷണം നടത്തിയിട്ടും ഒന്നും കിട്ടിയില്ല. രണ്ട് കൊല്ലം അന്വേഷിച്ചത് കിട്ടാതായതോടെ എന്നെ സമൻസ് അയച്ച് വിളിക്കുകയായിരുന്നുവെന്ന് ഐസക്ക് വിശദീകരിച്ചു.

സമൻസ് വിവരം ആദ്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. താൻ പോലും അറിയും മുന്നേ സമൻസ് വിവരം ഇഡി മാധ്യമങ്ങൾക്ക് ചോർത്തി നൽകി. പത്ത് വർഷത്തെ തന്റെയും ബന്ധുക്കളുടെയുമെല്ലാം സാമ്പത്തിക വിവരങ്ങളാണ് ഇ ഡി ആവശ്യപ്പെട്ടത്. കിഫ്ബി വന്നിട്ട് 10 വർഷമായിട്ടില്ലെന്നിരിക്കെയെന്തിനാണ് ഇത്രയും വിവരങ്ങളെന്ന ചോദ്യമുയർത്തിയ ഐസക്ക്, എന്തിനാണ് ഇ ഡി പങ്കപ്പാടുകൾ നടത്തുന്നതെന്നും ചോദിച്ചു. അന്വേഷണ ഏജൻസികളുടെ വിരട്ടിൽ പേടിയില്ലെന്നും കിഫ്ബിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ തകർക്കുകയാണ് അന്വേഷണ ഏജൻസിയുടെ ലക്ഷ്യമെന്നും ഐസക്ക് ആരോപിച്ചു.

You might also like

-