ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിവിധി ഇന്ന് ബെംഗളുരുവില്‍ നിരോധനാജ്ഞ

വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരമായ ബെംഗളുരുവില്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം

0

ബംഗളുരു | കർണാടകയിലെ സർക്കാർ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിൽ രാവിലെ 10.30 നാണ് കർണാടക ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയുക.
ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടിരുന്നു. ഹിജാബ് വിഷയത്തില്‍ ഇടനിലക്കാരെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു

വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരമായ ബെംഗളുരുവില്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം. വിധി വരുന്ന പശ്ചാത്തലത്തിൽ ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. നാളെ മുതൽ 21 വരെയാണ് നിരോധനാജ്ഞ.ആഹ്ലാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയ്‌ക്കെല്ലാം സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയയും പ്രഖ്യാപിച്ചു. ശിവമൊഗ്ഗയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും നാളെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കർണാടകയിൽ ബെൽഗാവി, ഹസ്സൻ, ദേവാൻഗരെ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗ്ലൂരു നഗരത്തിലും പിന്നാലെ നിരോധാനജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് ഏ‍ർപ്പെടുത്തിയിട്ടുണ്ട്

ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ച് 11ദിവസമാണ് വാദം കേട്ടത്. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.

You might also like

-