തിരുവല്ലം പൊലീസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ടത് സി.ബി.ഐ അന്വേഷിക്കും

തിരുവല്ലത്തിനടുത്ത ജഡ്‌ജിക്കുന്ന്‌ സന്ദർശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചതായി ആരോപിച്ചാണ്‌ മരിച്ച സുരേഷടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്‌. കസ്റ്റഡിയിലെടുത്ത് അധികം വൈകാതെ തന്നെ പ്രതിയായ സുരേഷ് ആശുപത്രിയില്‍ വെച്ച് മരിച്ചു.

0

തിരുവല്ലം സ്റ്റേഷനിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ടത് സി.ബി.ഐ അന്വേഷിക്കും. ഇതു സംബന്ധിച്ച അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. പ്രതിപക്ഷവും കുടുംബവും നേരത്തെ സി.ബി.ഐ അന്വേഷണം ആവശ്യപെട്ടിരുന്നു. തിരുവല്ലത്തിനടുത്ത ജഡ്‌ജിക്കുന്ന്‌ സന്ദർശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചതായി ആരോപിച്ചാണ്‌ മരിച്ച സുരേഷടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്‌. കസ്റ്റഡിയിലെടുത്ത് അധികം വൈകാതെ തന്നെ പ്രതിയായ സുരേഷ് ആശുപത്രിയില്‍ വെച്ച് മരിച്ചു. നെഞ്ച് വേദനയാണ് മരണകാരണമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് മര്‍ദ്ദനമാണെന്നാരോപിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു

അതെ സമയം സുരേഷിന്‍റെ ശരീരത്തില്‍ 12 ചതവുകളുള്ളതായും മരണത്തിനു കാരണമായ ഹൃദ്യോഗബാധയ്ക്ക് അത് ആക്കം കൂട്ടിയതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. താടിയെല്ലിനു താഴെ കഴുത്തിന്‍റെ വലതു വശത്ത്, കഴുത്തിനു മുൻപിൽ ഇടതുവശത്ത്, വലതു തുടയുടെ പിൻഭാഗത്ത്, കാൽമുട്ടിനു മുകളിൽ വലതു തുടയിൽ, തോളിനു താഴെ ഇടതു കൈയ്യുടെ പിൻഭാഗത്ത്, കാൽമുട്ടിനു മുകളിൽ ഇടതു തുടയുടെ പിന്നിൽ, മുതുകിൽ മുകളിലും താഴെയും ഇടത്തും വലത്തുമായി 6 ഭാഗങ്ങളിൽ എന്നിങ്ങനെയാണു ചതവുള്ളത്. ചതവുകള്‍ എങ്ങനെ സംഭവിച്ചെന്ന കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍മാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഇക്കാര്യം വിശദമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരുവല്ലം സ്റ്റേഷനില്‍ സുരേഷിനെ ജീപ്പില്‍ കൊണ്ടുവന്ന് ഇറക്കുമ്പോള്‍ തന്നെ മൂന്ന് പൊലീസുകാര്‍ മര്‍ദിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. കേസ് ആദ്യം അന്വേഷിച്ചിരുന്നത് ജില്ലാ ക്രൈം ബ്രാഞ്ചായിരുന്നു. നിലവില്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കെയാണ് സിബിഐക്ക് കേസ് കൈമാറുന്നത്.

You might also like