മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്ക് പ്രതിക്ഷേധം വ്യാപകം

മീഡിയവൺ ചാനലിനെതിരെയുള്ള കേന്ദ്ര നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജനാധിപത്യത്തിന്‍റെ നാലാം തൂണിനെ ചങ്ങലക്കിടാനുള്ള ഏതൊരു നീക്കവും അപലപനീയമാണ്

0

തിരുവനന്തപുരം | കൊച്ചി | കോഴിക്കോട് | മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയത് അപലപനീവും പ്രതിഷേധാര്‍ഹവുമെന്ന് സി.പി.എം. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്‍റെ ഭാഗമായാണ് മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണം നിര്‍ത്തിവെപ്പിച്ചത്. ഓരോരോ മാധ്യമ സ്ഥാപനങ്ങളെയായി വരുതിയിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി മീഡിയവണിന്‍റെ സംപ്രേഷണം നിര്‍ത്തിവെയ്ക്കാന്‍ നല്‍കിയ നിര്‍ദേശം അപലപനീവും പ്രതിഷേധാര്‍ഹവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു

മീഡിയവൺ ചാനലിനെതിരെയുള്ള കേന്ദ്ര നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജനാധിപത്യത്തിന്‍റെ നാലാം തൂണിനെ ചങ്ങലക്കിടാനുള്ള ഏതൊരു നീക്കവും അപലപനീയമാണ്. ആശയപരമായ സംവാദങ്ങളെ നേരിടാൻ ആകാതെ വരുമ്പോഴാണ് നിരോധനം പോലുള്ളവയെ ആശ്രയിക്കേണ്ടി വരുന്നത്. എല്ലാ ജനാധിപത്യ ശക്തികളും ഈ നീക്കത്തിനെതിരെ രംഗത്ത് വരണമെന്നും വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. പേടിപ്പിച്ച് നിശബ്ദരാക്കുക എന്ന തന്ത്രം കേരളത്തിൽ വിലപ്പോവില്ല. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഓരോ ജനാധിപത്യവാദിയും മുന്നിലുണ്ടാണം. നിരോധനം പോലുള്ള ആശയങ്ങളെ മുളയിലേ നുള്ളുവാൻ ശക്തമായ പ്രതിരോധം ഉയർന്നു വരേണ്ടതുണ്ട്. ജനാധിപത്യത്തിന് നാമെല്ലാവരും കാവലാളാവണമെന്നും ശിവന്‍കുട്ടി ഫേസ് ബുക്കില്‍ കുറിച്ചു.

മാധ്യമങ്ങളെ നിരോധിച്ച് ജനങ്ങളുടെ വായയടപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടി അപലപനീയമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മഹത്തായ ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നടപടിയാണ് മീഡിയവൺ ചാനലിന്റെ നിരോധനമെന്നും അദ്ദേഹം പറഞ്ഞു. ”അപ്രിയസത്യങ്ങളോട് അസഹിഷ്ണുത കാട്ടാതെ തെറ്റുകൾ തിരുത്താനുള്ള ആർജ്ജവമാണ് അധികാരികൾ കാട്ടേണ്ടത്. ജനങ്ങളുടെ നാവായ മാധ്യമങ്ങളെ നിരോധിച്ച് ജനങ്ങളുടെ വായ അടപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടി അപലപനീയമാണ്.”

അഭിപ്രായസ്വാതന്ത്ര്യത്തിനും വാർത്തകൾ അറിയുന്നതിനും ഇന്ത്യൻ ജനതയ്ക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് മേലുള്ള ഭരണകൂട കടന്നുകയറ്റങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രസ്താവിച്ചു. മീഡിയാവൺ എന്ന മാധ്യമ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്ത കേന്ദ്ര ഗവൺമെന്റ് നടപടി പ്രതിഷേധാർഹമാണ്. തങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ ഭീഷണിയിലൂടെ നിശ്ശബ്ദരാക്കാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നതെന്ന് പി പ്രസാദ് പറഞ്ഞു.സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഉൾപ്പെടെ മാധ്യമപ്രവർത്തകരെ നാടുകടത്തിയിട്ടും നിരവധി മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ടും മാധ്യമ പ്രവർത്തകരെ നിശ്ശബ്ദരാക്കാൻ ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല എന്നത് മറന്നു പോകരുതെന്ന് കൃഷി വകുപ്പ് മന്ത്രി ഓർമ്മിപ്പിച്ചു.

സ്വന്തം താത്പര്യങ്ങൾക്കെതിരായി അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തുന്നതിനും അവർക്കെതിരെ നടപടിയെടുക്കുന്നതിനും ഒരു ഫാസിസ്റ്റ് ഭരണകൂടത്തിനു മാത്രമേ കഴിയുകയുള്ളൂ. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏവരും ഇത്തരം നടപടികൾക്കെതിരെ ശബ്ദമുയർത്തണമെന്ന് കൃഷി മന്ത്രി ആവശ്യപ്പെട്ടു.

ഈ നടപടി മാധ്യമ രംഗത്തോട് മാത്രമല്ല ഓരോ പൗരനോടുമുള്ള വെല്ലുവിളിയായേ കാണാനാകുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണകൂടം നെറികേടുകളുമായി മുന്നോട്ട് പോകുമ്പോൾ നിശ്ശബ്ദരായിരിക്കാൻ ജനാധിപത്യ ബോധമുള്ള ആർക്കും സാധിക്കുകയില്ല. മീഡിയാവൺ ലൈസൻസ് റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിക്കുകയും മാധ്യമങ്ങളുടെ നാവരിയുന്ന നടപടി പിൻവലിക്കണമെന്നും കേന്ദ്രഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്യുന്നതായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കൂട്ടി ചേർത്തു.

മീഡിയവണിന് നേരെയുള്ള കേന്ദ്ര സർക്കാർ നീക്കം ജനാധിപത്യ ധ്വംസനമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ജനാധിപത്യത്തിന്‍റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങളുടെ പങ്ക് നിർണായകമാണ്. അതിനാലാണ് ജനാധിപത്യത്തിന്റെ നാലാം തൂണായി മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നതിലൂടെ ഭരണകൂടത്തിന്റെ നീക്കങ്ങളെ കുറിച്ച് ജനങ്ങൾക്ക് അറിയാനുള്ള വാതിലുകൾ കൊട്ടിയടക്കുകയാണെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ് ബുക്കില്‍ കുറിച്ചു

മീഡിയവൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് പ്രതിഷേധാർഹമെന്ന് ഡോ. വി. ശിവദാസൻ എം.പി. ജനാധിപത്യ സമൂഹത്തിന് യോജിക്കാത്ത സമീപനമാണ് ചാനലിനോട് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

മീഡിയവൺ സംപ്രേഷണം തടഞ്ഞ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. വിഷയം കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനോട് ഉന്നയിക്കുമെന്ന് ഉണ്ണിത്താൻ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

മീഡിയാ വൺ ചാനൽ നിരോധിക്കാനുള്ള തീരുമാനം സംഘപരിവാർ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ വിമർശനങ്ങളെ പ്രതിരോധിക്കുന്നതിലുള്ള ഭീരുത്വത്തിൻ്റെ ലക്ഷണമാണ് എൻ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ വർഗീയ സാമ്പത്തിക കാർഷിക നയങ്ങളെ മാധ്യമങ്ങൾ നഖശിഖാന്തം വിമർശിച്ചതിൻ്റെ പക വീട്ടലാണ് ഇപ്പോൾനടക്കുന്നത്. ന്യൂനപക്ഷ മാനേജ്മെൻ്റിനു കീഴിലുള്ള മീഡിയാ വൺ ചാനലിനെ തിരഞ്ഞെടുത്ത് നിരോധിച്ച് ന്യൂനപക്ഷ സമുദായക്കാർക്കെതിരെ സ്ഥിരമായി ചാർത്തുന്ന ദേശവിരുദ്ധ കുറ്റങ്ങൾ ചാർത്തുകയാണ്. നിരോധനം തുടരുന്ന പക്ഷം പൊതുതാൽപര്യ ഹരജിയുമായി കോടതികളെ സമീപിക്കും

You might also like

-