ഇരട്ട കൊലപാതകം ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം ഇന്ന്

രഞ്ജിത്തിന് അന്തിമോപചാരമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇന്ന് ആലപ്പുഴയിൽ എത്തും.രഞ്ജിത്തിന്റെ പോസ്റ്റുമോർട്ടം

0

ആലപ്പുഴ | ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം.മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, എം. പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.വൈകിട്ട് മൂന്നിന് കളക്ടറേറ്റിലാണ് യോഗം നടക്കുക.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ എസ് ഷാനെ വെട്ടിക്കൊന്നത്. സ്കൂട്ടറിൽ പോകുകയായിരുന്ന ഷാനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. മണ്ണഞ്ചേരി- പൊന്നാട് റോഡിൽ കുപ്പേഴം ജംങ്​ഷനിലായിരുന്നു സംഭവം.ഈ സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ ആറു മണിയോടെയാണ് ആലപ്പുഴ നഗരപരിധിയിൽ രണ്ടാമത്തെ കൊലപാതകം നടന്നത്. ബി ജെ പിയുടെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. വെള്ളക്കിണറിലെ വീട്ടിൽ നിന്ന് പ്രഭാതസവാരിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം. വീടിനുള്ളിൽ വെച്ച് അമ്മയും ഭാര്യയും നോക്കിനിൽക്കെ അക്രമിസംഘം വെട്ടുകയായിരുന്നു.

ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പൊതുദർശനത്തിന് ശേഷം വലിയഴീക്കലിലെ കുടുംബ വീട്ടിലായിരിക്കും സംസ്‌കാരം. രഞ്ജിത്തിന് അന്തിമോപചാരമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇന്ന് ആലപ്പുഴയിൽ എത്തും.രഞ്ജിത്തിന്റെ പോസ്റ്റുമോർട്ടം ഇന്നലെത്തന്നെ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ബി.ജെ.പി പ്രവർത്തകർ വണ്ടാനം മെഡിക്കൽ കോളജ് പരിസരത്ത് തമ്പടിച്ചിരുന്നുവെങ്കിലും പോസ്റ്റുമോർട്ടം ഇന്നേ നടക്കൂവെന്ന് അറിയിക്കുകയായിരുന്നു.രാവിലെ ഒമ്പത് മണിയോടെ പോസ്റ്റുമോർട്ടം ആരംഭിക്കും.

മൃതദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം വൈകിയതാണ് പോസ്റ്റുമോർട്ടം വൈകാൻ ഇടയാക്കിയത്. മുഖത്തുൾപ്പെടെ നിരവധി മുറിവുകൾ ഉള്ളതിനാൽ ഇൻക്വസ്റ്റ് നീണ്ടതും വൈകാൻ കാരണമായി. മനപ്പൂർവം വൈകിപ്പിച്ചതാണെന്ന ബി.ജെ.പി ആരോപിച്ചു. അഭിഭാഷകനായതിനാൽ രഞ്ജിത്തിന്റെ മൃതദേഹം ആലപ്പുഴ ജില്ലാ കോടതിയിൽ പൊതുദർശനത്തിന് വെക്കും.ശേഷം ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലും പൊതുദർശനമുണ്ട്.അതേസമയം ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഇന്നും തുടരും. വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള പൊലീസ് പിക്കറ്റും തുടരാൻ തീരുമാനിച്ചിട്ടുണ്ട്. പൊലീസ് പെട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ നഗരസഭ പരിധിയിലെ ഹയർ സെക്കൻഡറി വരെയുള്ള സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

You might also like

-