സംസ്ഥാനത്തു കനത്തമഴ തുടരും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീ ലിറ്റർവരെ മഴ ലഭിക്കും

0

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീ ലിറ്റർവരെ മഴ ലഭിക്കും. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. വരുന്ന രണ്ട് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാദ്ധ്്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്നലെ ഉച്ചയോടെ ശ്രീലങ്കയ്ക്കു സമീപത്തെത്തി. ഇന്നും നാളെയും ന്യൂനമർദം ശ്രീലങ്ക കടന്നു വീണ്ടും പടിഞ്ഞാറു ദിശയിൽ നീങ്ങുമെന്നാണു വിലയിരുത്തൽ.

You might also like

-