സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19

24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്

0

സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍ഗോഡ് 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതുവരെ 3,25,08,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,631 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,602 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 894 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 17, പാലക്കാട് 10, പത്തനംതിട്ട, കണ്ണൂര്‍ 9 വീതം, തൃശൂര്‍ 8, കാസര്‍ഗോഡ് 7, കൊല്ലം, കോട്ടയം, എറണാകുളം 5 വീതം, ആലപ്പുഴ 4, തിരുവനന്തപുരം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,561 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2085, കൊല്ലം 2640, പത്തനംതിട്ട 1358, ആലപ്പുഴ 1836, കോട്ടയം 2555, ഇടുക്കി 766, എറണാകുളം 2842, തൃശൂര്‍ 2528, പാലക്കാട് 2122, മലപ്പുറം 3144, കോഴിക്കോട് 3439, വയനാട് 974, കണ്ണൂര്‍ 1743, കാസര്‍ഗോഡ് 529 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,38,782 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,66,557 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,20,739 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,87,582 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,157 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2463 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2021 ജനുവരിയിൽ വാക്സീനേഷൻ പ്രക്രിയ ആരംഭിക്കുമ്പോൾ കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് ആഴ്ച അഥവാ 42 ദിവസമായിരുന്നു. പിന്നീട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ഈ ഇടവേള 84 ദിവസമാക്കി ഉയർത്തിയിരുന്നു. വാക്സീൻ്റെ ​ഗുണഫലം വ‍ർധിപ്പിക്കാനാണ് ഇടവേള വർധിപ്പിച്ചതെന്നായിരുന്നു സർക്കാർ വാദം.

രോ​ഗവ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ തങ്ങളുടെ ജീവനക്കാർക്ക് പെട്ടെന്ന് വാക്സീൻ നൽകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് ​ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. മുഴുവൻ ജീവനക്കാർക്കുമായുള്ള വാക്സീൻ തങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യുകയും ആദ്യഡോസ് നൽകുകയും ചെയ്തുവെന്നും എന്നാൽ സർക്കാർ നിശ്ചയിച്ച 84 ​ദിവസത്തെ ഇടവേള വരെ വാക്സീൻ കേടാകാതെ സൂക്ഷിക്കാനാവില്ലെന്നും അതിനാൽ അടിയന്തരമായി രണ്ടാം ഡോസ് നൽകാൻ അനുമതി വേണം എന്നായിരുന്നു കിറ്റക്സിൻ്റെ ആവശ്യം.

84 ദിവസം എന്ന ഇടവേള രാജ്യത്താകമാനം നടപ്പാക്കപ്പെടുന്നില്ലെന്ന് വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും മറ്റു പ്രൊഫഷണലുകൾക്കും നിലവിൽ 28 ദിവസത്തെ ഇടവേളയിൽ വാക്സീൻ എടുക്കാൻ സാധിക്കുന്നുണ്ട്. രാജ്യത്തെ പൗരൻമാർക്ക് രണ്ട് തരം നീതി വാക്സീൻ്റെ കാര്യത്തിൽ നടപ്പാക്കുന്നത് ശരിയല്ല. സ്വന്തം പണം മുടക്കി വാക്സീൻ സ്വീകരിക്കുന്നവർക്കെങ്കിലും 28 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കാൻ അനുമതി നൽകണമെന്ന് വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി.

സർക്കാർ ആശുപത്രികൾ വഴിയുള്ള സൗജന്യ വാക്സീൻ സ്വീകരിക്കുന്നവർക്ക് നിലവിലെ പോലെ 84 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് വാക്സീൻ എടുക്കാം. വാക്സീൻ ഇടവേള കുറച്ച് കൊണ്ട് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം അടിയന്തരമായി കോവിൻ ആപ്പിലും വെബ്സൈറ്റിലും ഉൾപ്പെടുത്താനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

84 ദിവസത്തെ ഇടവേള നിശ്ചയിക്കാൻ കാരണമെന്താണെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചിരുന്നു. ഇടവേള വ‍ർധിപ്പിച്ചാൽ കൊവിഷിൽഡിന്റെ ​ഗുണഫലം കൂടുമെന്നായിരുന്നു കേന്ദ്രത്തിൻ്റെ മറുപടി.എന്നാൽ അന്തിമവിധിയിൽ ഈ വാദത്തിന് ശാസ്ത്രീതമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

You might also like

-