ബിനീഷ് തെറ്റുകാരൻ ആണെങ്കില്‍ തൂക്കിക്കൊല്ലട്ടെ: കോടിയേരി

തെളിവുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറണം

0

തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍. ബെംഗളുരു മയക്കുമരുന്ന് കേസ് പ്രതികളുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണസംഘം എല്ലാ കാര്യങ്ങളും അന്വേഷണ വിധേയമാക്കട്ടെ. നിങ്ങളൊരു രക്ഷിതാവാണെങ്കില്‍ ഇത്തരമൊരു കാര്യമറിഞ്ഞാല്‍ നിങ്ങള്‍ സംരക്ഷിക്കുമോ? ഏതെങ്കിലും ഒരു രക്ഷിതാവ് സംരക്ഷിക്കുമോ ഇല്ലാത്ത കഥകളുണ്ടാക്കി പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കനാണ് ഈ ആരോപണത്തിലൂടെ ശ്രമിക്കുന്നത്.

മാനസികമായി എന്നെ തകര്‍ക്കനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇതുകൊണ്ടൊന്നും എന്നെ തകര്‍ക്കാനാവില്ല. ഇതും ഇതിനേക്കാള്‍ വലിയ കഥകള്‍ വന്നാല്‍ അതും നേരിടാന്‍ തയ്യാറായിട്ടാണ് കമ്മ്യൂണിസ്റ്റുകാരനായി ഇരിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവാകുമ്പോള്‍ പലതരത്തിലുളള ആക്രമണങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് വിചാരണയും പരിശോധനയും ഒരുവഴിക്ക് നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളുടെ വിശദാംശങ്ങൾ തനിക്കറിയില്ല. പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് അല്‍പായുസ്സ് മാത്രമേ ഉണ്ടാകൂ.
കേന്ദ്ര ഏജന്‍സികള്‍ എല്ലാ കാര്യവും അന്വേഷിക്കട്ടെ. തെളിവുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറണം. തെറ്റുകാരനെങ്കില്‍ നിയമനടപടി സ്വീകരിക്കട്ടെ. ശിക്ഷിക്കപ്പെടേണ്ടതാണെങ്കില്‍ ശിക്ഷിക്കട്ടെ. തൂക്കിക്കൊല്ലേണ്ട കുറ്റമാണെങ്കിൽ തൂക്കിക്കൊല്ലട്ടെ.ആരും സംരക്ഷിക്കാന്‍ പോകുന്നില്ലന്നും കോടിയേരി പറഞ്ഞു.

You might also like

-