“നിലപാടുകടുപ്പിച്ച് ഗവർണ്ണർ “പൗരത്വ നിയമ ഭേദഗതി സര്‍ക്കാരിനോട് വിശദീകരണം തേടി

തന്നോട് ചോദിക്കാതെ കോടതിയെ സമീപിച്ചത് റൂൾസ് ഓഫ് ബിസിനസ് 34 (2)ന്റെ ലംഘനമാണെന്നാണ് ഗവർണറുടെ വാദം.

0

തിരുവനന്തപുരം :പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച സർക്കാർ നടപടിയിൽ ഗവർണർ വിശദീകരണം തേടി. ചീഫ് സെക്രട്ടറി ടോം ജോസിനോടാണ് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്. തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ചത് റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനമാണെന്നാണ് ഗവർണറുടെ നിലപാട്.പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് ഭരണഘടനയുടെ അനുഛേദം 131 പ്രകാരമാണ് സുപ്രിം കോടതിയെ സമീപിച്ചത്. എന്നാൽ തന്നോട് ചോദിക്കാതെ കോടതിയെ സമീപിച്ചത് റൂൾസ് ഓഫ് ബിസിനസ് 34 (2)ന്റെ ലംഘനമാണെന്നാണ് ഗവർണറുടെ വാദം. കേന്ദ്രവുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളിൽ കോടതിയെ സമീപിക്കുന്നതിന് മുൻപ് സംസ്ഥാന സർക്കാർ തന്നെ അറിയിക്കാത്തത് ചട്ടലംഘനമാണെന്നും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നുമാണ് ഗവർണർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച് സർക്കാർ വേഗത്തിൽ തന്നെ ഗവർണർക്ക് മറുപടി നൽകും. റൂൾസ് ഓഫ് ബിസിനസിന്റെയോ, ഭരണഘടനയുടേയോ ലംഘനം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും ആർട്ടിക്കിൾ 131 പ്രകാരം കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നുമുള്ള മറുപടിയായിരിക്കും സർക്കാർ നൽകുക.

കേന്ദ്രവുമായി ഏറ്റുമുട്ടൽ ഉണ്ടാകുന്ന വിഷയങ്ങളിൽ മാത്രമാണ് ഗവർണറെ മുൻകൂട്ടി അറിയിക്കേണ്ടത്. എന്നാൽ ഇവിടെ ഏറ്റുമുട്ടൽ അല്ലെന്നും ഒരു നിയമത്തിനെതിരായ വിമർശനമാണ് ഉന്നയിച്ചതെന്നുമാണ് സർക്കാർ വിശദീകരണം. മന്ത്രിസഭ തീരുമാനങ്ങൾക്ക് അപ്പുറം സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾ ഗവർണറെ അറിയിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധിയും സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിശദികരണം ചോദിച്ചത് വഴി സർക്കാരിനെതിരെ പുതിയ പോർമുഖം തുറന്നിരിക്കുകയാണ് ഗവർണർ. മറുപടി നൽകുമ്പോഴും ഗവർണറെ കൂടുതൽ പ്രകോപിപ്പിക്കാൻ സർക്കാർ തയ്യാറായേക്കില്ല.

പൗരത്വ നിയമ ഭേദഗതിക്കെതിരായി സുപ്രീം കോടതിയെ സമീപിച്ചത് തന്റെ അനുമതി തേടാതെയാണെന്ന ഗവര്‍ണറുടെ വാദത്തെ സര്‍ക്കാര്‍ ഇന്നലെ തന്നെ തള്ളിയിരുന്നു. ഭരണഘടന പ്രകാരമോ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരമോ നിയമസഭാ ചട്ടമനുസരിച്ചോ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടേണ്ടതില്ലെന്നാണ് നിയമമന്ത്രി ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ ഗവര്‍ണര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അത് തിരുത്താന്‍ തയ്യാറാകുമെന്നും എ. കെ ബാലന്‍ വ്യക്തമാക്കിയിരുന്നു.

You might also like

-